പാലക്കാട്: വിജയപ്രതീക്ഷയിൽ പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ. പാലക്കാടിന്റെ വികസനത്തിനായിട്ടുള്ള വോട്ടെടുപ്പാണിത്. പാലക്കാടുകാർ ഇത്തവണ ചരിത്രപരമായിട്ടുള്ള വിധിയെഴുത്താകും നടത്തുകെയന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പുരം ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള രാഷ്‌ട്രീയത്തിൽ തന്നെ വലിയൊരു മാറ്റത്തിനാകും എൻഡിഎയുടെ വിജയം വഴി തുടക്കം കുറിക്കുക. പാലക്കാട് പൊതുരംഗത്ത് മൂന്ന് പതിറ്റാണ്ടിലധികമായി ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന എനിക്ക് അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ പോളിംഗ് ശതമാനം ഉയരും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചെറിയ വോട്ടുകൾക്കാണ് ഇ. ശ്രീധരൻ പരാജയപ്പെട്ടത്. അത് മറികടക്കാൻ ഇത്തവണ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങളാണ് ബിജെപി ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മുന്നണികൾക്കും വിവാദങ്ങൾ മറന്ന് വികസനങ്ങൾക്ക് പിന്നാലെ വരേണ്ടി വന്നു. തങ്ങൾ ചർച്ച ചെയ്ത വിഷയങ്ങളിലേക്ക് അവരെത്തി. ഇത്തവണത്തെ വോട്ടും അതിനെ അടിസ്ഥാനമാക്കിയാകും. എൻഡിഎ അഞ്ചക്ക ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. രണ്ട് മുന്നണികളും പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ ഉയരുന്ന വിവാദങ്ങൾ. ഒരു വിഭാഗത്തെയും ബിജെപി വോട്ടുബാങ്കായി കരുതുന്നില്ലെന്നും എല്ലാവരുടെയും വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















