ടെൽ അവീവ്: ഗാസയിൽ അപൂർവ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ പലസ്തീൻ ഭരിക്കാൻ ഹമാസ് ഉണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞു. ഭീകരവാദത്തെ തടയുന്നതിനായും ഭീകരവാദ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യുന്നതിനായും അഹോരാത്രം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധക്കുപ്പായവും ബാലിസ്റ്റിക് ഹെൽമറ്റും ധരിച്ച് ഗാസയിലെ ഒരു കടൽത്തീരത്തേക്കാണ് അദ്ദേഹം എത്തിയത്. ഹമാസ് ഒരിക്കലും മടങ്ങിവരില്ലെന്ന് പറയുന്ന വീഡിയോയും അദ്ദേഹം കടൽത്തീരത്ത് നിന്ന് ചിത്രീകരിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ കരയിലെ പ്രവർത്തനങ്ങൾ നേരിട്ടറിയാനാണ് അദ്ദേഹം ഗാസയിൽ സന്ദർശനം നടത്തിയത്. പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഇപ്പോഴും 101 ഇസ്രായേലികൾ ഹമാസ് ബന്ദികളായി തുടരുകയാണ്. അവരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് ബന്ദികൾക്ക് 5 മില്യൺ ഡോളർ വീതം നൽകും. ബന്ദികളെ ഉപദ്രവിക്കാൻ ധൈര്യപ്പെടുന്നവരെ വേട്ടയാടി കൊലപ്പെടുത്തുമെന്നും നെതന്യാഹു വ്യക്തമാക്കി.