പാലക്കാട്: വോട്ട് ചെയ്യാനെത്തിയ കർഷക മോർച്ച ജില്ലാ സെക്രട്ടറി രമേഷിന്റെ ഭാര്യ കരുണയെ എതിർത്ത് എൽഡിഎഫ് ഏജൻ്റമാർ. കണ്ണാടി പഞ്ചായത്തിലെ 170-ാം നമ്പർ ബൂത്തിലാണ് സംഭവം. തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിച്ചു.
രാവിലെ എട്ട് മണിക്ക് വോട്ട് ചെയ്യാനെത്തിയപ്പോൾ തന്നെ ആരും എതിർത്തില്ലെന്ന് രമേഷ് പറയുന്നു. സിപിഎം എല്ലാ ബൂത്തുകളിലും ഓപ്പൺ വോട്ട് ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് എൽഡിഎഫ് ഏജൻ്റുമാർ രമേഷിന്റെ ഭാര്യ തടഞ്ഞത്.
ഭാര്യക്ക് തേൻകുറിശ്ശിയിൽ വോട്ട് ഉണ്ടെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ 20 വർഷത്തോളമായി കണ്ണാടി പഞ്ചായത്തിലാണ് താൻ വോട്ട് ചെയ്യുന്നതെന്ന് കരുണ രമേഷ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി കാർഡ് ഉൾപ്പടെ ഹാജാരാക്കി കൊണ്ട് വ്യക്തമാക്കി. ആരോപണം ഉന്നയിച്ച പഞ്ചായത്തിലെ ബൂത്ത് ലെവൽ ഓഫീസറെ വിളിച്ച് ഇരട്ട വോട്ടില്ലെന്ന് ഉറപ്പുവരുത്തി. പിന്നാലെ കരുണയെ വോട്ട് രോഖപ്പെടുത്താൻ ഉദ്യോഗസ്ഥർ അനുവദിച്ചു.
രാഷ്‌ട്രീയ നേട്ടത്തിനായി സിപിഎം നടത്തുന്ന അടവുവേലകളാണിത്. പരാജയപ്പെടുമെന്ന് ബോധ്യമായതോടെ വ്യാപകമായി പ്രായമായവരെ എത്തിച്ച് ഓപ്പൺ വോട്ട് ചെയ്യിപ്പിക്കുകയാണെന്ന ആരോപണം ഉയരുന്നുണ്ട്. യുഡിഎഫിനെ ലക്ഷ്യം വച്ചുള്ള പരസ്യവിവാദം ഉൾപ്പടെ ചർച്ചയാകുന്നതിനിടയിലാണ് സിപിഎമ്മിന്റെ പുത്തൻ തന്ത്രം.















