കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും വിദ്യാർത്ഥിനിയെ കാണാതായി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) ആണ് കാണാതായത്. 18ാം തീയതി രാവിലെ മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറഞ്ഞു. കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ കുറിച്ച് വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ഓൺലൈൻ കോച്ചിംഗ് വഴി എൻട്രൻസിന് തയ്യാറെടുക്കുകയാണ് ഐശ്വര്യ. വീട്ടിലിരുന്നാണ് പഠനം. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല കുട്ടിക്കെന്ന് കുടുംബം പറയുന്നു. പറയത്തക്ക കൂട്ടുകാരുമില്ല. അതിനാൽ തന്നെ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കുടുംബത്തിനും വ്യക്തതയില്ല.
ഐശ്വര്യയുടെ ഫോണിന്റെ ലോക്കേഷൻ അവസാനം ലഭിച്ചത് കൊല്ലത്ത് റെയിൽവേ സ്റ്റേഷന് സമീപമാണ്. കുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളക്കം പൊലീസ് പരിശോധിച്ച് വരികയാണ്.















