ചെന്നൈ : വിഷ മദ്യം കഴിച്ച് 67 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി മദ്യ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി സി ബി ഐയോട് നിർദ്ദേശിച്ചു.സംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിലാണ് ഉത്തരവ്.
ജസ്‌റ്റിസ് ഡി കൃഷ്ണകുമാർ , ജസ്റ്റിസ് പി ബി ബാലാജി എന്നിവരടങ്ങിയ ബെഞ്ച് അന്വേഷണം കഴിയുന്നത്ര വേഗത്തിലാക്കാൻ സി ബി ഐയോട് നിർദേശിച്ചു. കേസ് ഫയലുകൾ കൈമാറാനും അന്വേഷണത്തിന് സഹകരിക്കാനും സിബി സിഐഡിയോട് ഹൈക്കോടതി നിർദേശിച്ചു.
കഴിഞ്ഞ ജൂണിൽ വിഷം കലർത്തിയ ചാരായം കുടിച്ച് എഴുപതിലധികം പേർ കള്ളക്കുറിച്ചിയിൽ മരിച്ചിരുന്നു.
ജില്ലയിലെ കൽവരയൻ മലനിരകളിൽ മദ്യം നിർമ്മിച്ച് വിൽക്കുന്നുണ്ടെന്നും ഇതിൽ നിരവധി പേർക്ക് പങ്കുള്ളതായും രാഷ്‌ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു. അതിനാൽ ഈ കേസ് ലോക്കൽ പോലീസ് അന്വേഷിച്ചാൽ അന്വേഷണം ശരിയായി നടക്കില്ലെന്നും സിബി ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ, സി.പി.ഐ. ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികളിലെ അംഗങ്ങൾ ചെന്നൈ ഹൈക്കോടതിയിൽ വെവ്വേറെ കേസുകൾ ഫയൽ ചെയ്തിരുന്നു.















