മുംബൈ: സംഗീത സംവിധായകൻ AR റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹ മോചിതരാകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. 29 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നുവെന്ന സൈറ ബാനുവിന്റെ അഭിഭാഷകയുടെ പ്രസ്താവന സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആർ റഹ്‌മാനും സ്ഥിരീകരിച്ചിരുന്നു. എന്നാലിപ്പോൾ ഈ വാർത്ത പുറത്തുവന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും തന്റെ വിവാഹ മോചന വാർത്ത പങ്കുവച്ചിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സംയുക്ത പോസ്റ്റിലാണ് മോഹിനിയും സംഗീതസംവിധായകനായ ഭർത്താവ് മാർക്ക് ഹാർട്ട്‌സുച്ചും തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. “ഞാനും മാർക്കും വേർപിരിഞ്ഞതായി ഹൃദയഭാരത്തോടെ അറിയിക്കുന്നു. ഇതുവരെ കൂടെയുണ്ടായിരുന്ന ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നന്ദി അറിയിക്കുന്നു. ഇത് ഞങ്ങൾ തമ്മിലുള്ള പരസ്പര ധാരണയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞങ്ങൾ ഇരുവരും തീരുമാനിച്ചു” ഇൻസ്റ്റഗ്രാം പോസ്റ്റിൽ മോഹിനി പറഞ്ഞു.
വേർപിരിഞ്ഞാലും മാർക്കുമായി പ്രോജക്ടുകളിൽ സഹകരിക്കുന്നത് തുടരുമെന്നും മോഹിനി കൂട്ടിച്ചേർത്തു. MaMoGi, മോഹിനി ഡേ ഗ്രൂപ്പുകൾ ഉൾപ്പെടെ നിരവധി പ്രോജക്ടുകളിൽ ഒരുമിച്ച് പ്രവർത്തിക്കും. സുഹൃത്തുക്കളും ആരാധകരും ഈ തീരുമാനത്തെ പിന്തുണയ്‌ക്കണമെന്നും അവരെ മുൻവിധിയോടെ വിലയിരുത്തരുതെന്നും അവർ അഭ്യർത്ഥിച്ചു. 29 കാരിയായ മോഹിനി ഡേ കൊൽക്കത്തയിൽനിന്നുള്ള ബാസ് പ്ലേയറാണ് (നാല് സ്ട്രിങ്ങുകളുള്ള ഇലക്ട്രിക് ഗിറ്റാർ). ഗാൻ ബംഗ്ലാ ടിവിയിലെ ‘വിൻഡ് ഓഫ് ചേഞ്ച്’ എന്ന മ്യൂസിക് സീരീസിന്റെ ഭാഗമായിരുന്നു. ലോകമെമ്പാടുമുള്ള 40-ലധികം ഷോകളിൽ മോഹിനി റഹ്മാനോടൊപ്പം പങ്കെടുത്തിട്ടുണ്ട്. 2023 ൽ അവർ തന്റെ ആദ്യത്തെ മ്യൂസിക് ആൽബവും പുറത്തിറക്കിയിരുന്നു.