നീ സംസാരിച്ചിടത്തോളം മതി, ഇനി കമ എന്നൊരക്ഷരം മിണ്ടരുത്..
മലയാളികൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രയോഗമാണിത്. ഇതുകേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ രണ്ട് ചോദ്യങ്ങൾ ഉയരും.
ഒന്ന്
കമ എന്നത് ഒരക്ഷരമല്ലല്ലോ, രണ്ടരക്ഷരമല്ലേ?
രണ്ട്
കമ എന്ന് മിണ്ടുന്നില്ല, ബാക്കി ഇഷ്ടംപോലെ അക്ഷരങ്ങളുണ്ടല്ലോ, അതു മിണ്ടാമല്ലോ?
മലയാളം അക്ഷരമാലയിലെ 51 അക്ഷരങ്ങളിൽ വെറും രണ്ട് അക്ഷരങ്ങൾ മാത്രമാണ് ക മ. എന്നിട്ടും അക്ഷരമാലയെ മുഴുവനായും പ്രതിനിധീകരിക്കാൻ കമ-യ്‌ക്ക് എങ്ങനെ കഴിഞ്ഞു. സ്ഥിരമായി മലയാളികൾ പ്രയോഗിക്കുന്ന കമാന്നൊരക്ഷരത്തിന് പിന്നിൽ എന്താണ്? ഈ പ്രയോഗത്തിന്റെ യാഥാർത്ഥ്യമെന്ത്? നോക്കാം..
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
ക എന്ന വ്യഞ്ജനാക്ഷരം മുതൽ മ എന്ന വ്യഞ്ജനാക്ഷരം വരെ എന്നുള്ളതിന്റെ ചുരുക്കെഴുത്താണ് കമ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ കമ എന്നൊരക്ഷരം മിണ്ടരുതെന്ന പ്രയോഗത്തിന് കാരണമായത് മലയാളത്തിൽ നിലനിന്നിരുന്ന അക്ഷരസംഖ്യാവിധിയാണ്. ‘കടപയാദി’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. കടപയാദി പ്രകാരം അക്ഷരമാലയിലെ ചില്ലക്ഷരങ്ങൾ ഒഴികെ എല്ലാതിനും സംഖ്യകൾ നൽകിയിട്ടുണ്ട്. 1 മുതൽ 9 വരെയുള്ള സംഖ്യകളാണ് ഇതിന് വീതിച്ച് നൽകിയിരിക്കുന്നത്
ഉദാഹരണമായി,
ക1 / ഖ 2 / ഗ 3 / ഘ 4 / ങ 5
ച 6 / ഛ 7 / ജ 8 / ഝ 9 / ഞ 0
ട 1 / ഠ 2 / ഡ 3 / ഢ 4 / ണ 5
ത 6 / ഥ 7 / ദ 8 / ധ 9 / ന 0
പ1 / ഫ 2 / ബ 3 / ഭ 4 / മ 5

കടപയാദി അനുസരിച്ച് ക എന്ന അക്ഷരത്തിന്റെ സംഖ്യ 1ഉം മ എന്ന അക്ഷരത്തിന്റെ സംഖ്യ 5ഉം ആണ്. അതായത് 15. കടപയാദി നിയമപ്രകാരം സംഖ്യകളെഴുതേണ്ടത് വലത്തുനിന്ന് ഇടത്തോട്ടാണ്. അതായത് കമ എന്ന പദത്തിന്റെ സംഖ്യയായ 15 എന്നത് എഴുതേണ്ടത് 51 എന്നാണ്.
മറ്റൊരു ഉദാഹരണം പറഞ്ഞാൽ,
കമലം എന്ന വാക്ക് കടപയാദി പ്രകാരം എഴുതുമ്പോൾ ക1 / മ 5 / ല 3 എന്നിങ്ങനെയാണ്. അതായത് സംഖ്യ എഴുതേണ്ടത് 351 എന്നാകും.
അപ്പോൾ കമ എന്നതിന്റെ 15 എന്ന സംഖ്യ തലതിരിച്ചെഴുതി 51 എന്നാകുന്നു. മലയാളത്തിൽ 51 അക്ഷരങ്ങളാണെന്നതാണ് വിധി. ആ 51 അക്ഷരങ്ങളിൽ ഒന്നുപോലും ഉച്ചരിക്കരുത് എന്നാണ് കമാന്നൊരക്ഷരം മിണ്ടരുത് എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്.
അക്ഷര സംഖ്യാ കോഡ് എന്ന് വിശേഷിപ്പിക്കാവുന്ന കടപയാദി കേരളത്തിൽ ഒരുകാലത്ത് ആശയവിനിമയങ്ങൾക്കായി വലിയ തോതിൽ ഉപയോഗിച്ചിരുന്നു. അക്ഷരസംഖ്യ എന്നും ഇത് അറിയപ്പെടുന്നു. പണ്ടത്തെ എഴുത്തുകാർ പലരും കടപയാദി പ്രകാരം പദങ്ങൾ പ്രയോഗിക്കുന്നതും പതിവായിരുന്നു.















