ന്യൂഡൽഹി: ചലച്ചിത്ര നിർമ്മാതാക്കൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, 5ജി, വെർച്വൽ പ്രൊഡക്ഷൻ എന്നിവ തങ്ങളുടെ സൃഷ്ടികളിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയുടെ 55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ ആരംഭിക്കുന്നതിന് മുന്നോടിയായി എഴുതിയ എഡിറ്റോറിയലിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കലാകാരന്മാർ വെറും കഥാകൃത്തുക്കളിൽ നിന്ന് രാഷ്‌ട്ര നിർമ്മാതാക്കളായി പരിണമിച്ചിരിക്കുന്നു. 30 ബില്യൺ ഡോളർ മൂല്യമുള്ള ക്രിയേറ്റിവ് ഇൻഡസ്ട്രിയാണ് സിനിമാ മേഖല. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻ്റർടൈൻമെൻ്റ് സമ്മിറ്റ് ഉൾപ്പെടെ, ഉള്ളടക്ക നിർമ്മാണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ സിനിമാ മേഖലയുടെ വളർച്ചയ്‌ക്ക് സഹായകമാകുമെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
നവംബർ 20 മുതൽ 28 വരെയാണ് ഈ വർഷത്തെ IFFI നടക്കുന്നത്. 81 രാജ്യങ്ങളിൽ നിന്നുള്ള 180 രാജ്യാന്തര ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഗോവൻ സിനിമകൾക്കായി ഒരു പ്രത്യേക സെഗ്‌മെൻ്റ് ഉണ്ടായിരിക്കും. ഇതിൽ 14 സിനിമകളാണ് പ്രദർശിപ്പിക്കുക. നവംബർ 22 ന് ESG ഓഫീസ് വേദി മുതൽ കലാ അക്കാദമി വരെ IFFI പരേഡും സംഘടിപ്പിക്കുന്നുണ്ട്.