മാഡ്രിഡ്: മലാഗയിൽ നടന്ന ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ സ്‌പെയിൻ തോറ്റതോടെ റാഫേൽ നദാലിന്റെ മഹത്തായ കരിയറിന് അതൊരു കയ്പേറിയ അവസാനമായിരുന്നു. തന്റെ പ്രൊഫഷണൽ കരിയർ ഒരു തോൽവിയോടെ അവസാനിപ്പിച്ചുവെങ്കിലും അവസാന മത്സരത്തിലും നദാലിന്റെ പോരാട്ട വീര്യം ഒട്ടും ചോർന്നിരുന്നില്ല. നദാലിന്റെ വിടവാങ്ങൽ മത്സരത്തിൽ നെതർലൻഡ്സിനോട് 1-2 ന് സ്പെയിൻ തോറ്റു.
വിടവാങ്ങൽ ചടങ്ങിൽ അത്യന്തം വികാരാധീനനായാണ് നദാൽ കാണികളെ അഭിസംബോധന ചെയ്തത്. കിരീടങ്ങളും എണ്ണങ്ങളുമല്ല, ജനങ്ങൾ മല്ലോർക്കയെന്ന കുഞ്ഞുഗ്രാമത്തിൽ നിന്നുവന്ന നല്ല മനുഷ്യനെന്നനിലയിൽ തന്നെ ഓർമ്മിക്കണമെന്നാണ് ആഗ്രമെന്ന് നദാൽ പറഞ്ഞു.
“ഒരു പൈതൃകം അവശേഷിപ്പിച്ചു എന്ന സമാധാനത്തോടെയാണ് ഞാൻ വിടവാങ്ങുന്നത്. അത് കേവലം കായികമല്ല, മറിച്ച് വ്യക്തിപരമായ ഒന്നാണ്. കോർട്ടിൽഎനിക്ക് ലഭിച്ച സ്നേഹം മറ്റൊന്നിനും പകരമാകില്ല,” നദാൽ പറഞ്ഞു. ഇരുപത് വർഷം നീണ്ട കരിയറിൽ നല്ലതും മോശവുമായ വർഷങ്ങൾ കടന്നുപോയി. ഒരു നല്ല വ്യക്തി എന്ന നിലയിൽ ജനങ്ങളുടെ മനസിൽ ഇടം നേടാനായി. സ്വപ്നം കണ്ടതിനേക്കാൾ കൂടുതൽ നേടാനായതിൽ താൻ ഭാഗ്യവാനാണെന്നും നദാൽ പറഞ്ഞു.
അവസാന മത്സരത്തിന് മുൻപുള്ള സ്പാനിഷ് ദേശീയഗാനത്തിനിടെ കണ്ണു തുടയ്‌ക്കുന്ന നദാലിന്റെ ദൃശ്യങ്ങൾ കാണികളെയും നൊമ്പരപ്പെടുത്തി. ഓഗസ്റ്റിലെ ഒളിമ്പിക്സിന് ശേഷമുള്ള നദാലിന്റെ ആദ്യത്തേയും അസാനത്തേയും പ്രൊഫഷണൽ മത്സരമായിരുന്നു ഇത്. എന്നാൽ ലോക 80-ാം നമ്പർ താരം ബോട്ടിക് വാൻ ഡി സാൻഡ്‌സ്ചൽപ്പ് നേരിട്ടുള്ള സെറ്റുകൾക്ക് (4-6, 4-6) നദാലിനെ പരാജയപ്പെടുത്തി.
നദാലിന്റെ ഐതിഹാസിക കരിയറിന് ആമുഖം ആവശ്യമില്ല. 14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ, നാല് യുഎസ് ഓപ്പൺ കിരീടങ്ങൾ, രണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ എന്നിവയുൾപ്പെടെ 22 ഗ്രാൻഡ് സ്ലാം പുരുഷ സിംഗിൾസ് കിരീടങ്ങളോടെയാണ് 38-കാരനായ റാഫേൽ നദാൽ തന്റെ കരിയർ അവസാനിപ്പിച്ചത്. 24 വയസിൽ കരിയർ ഗ്രാൻഡ് സ്ലാം നേടുന്ന ഓപ്പൺ എറയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു നദാൽ. പിന്നീട് സിംഗിൾസിൽ കരിയറിലെ ഇരട്ട ഗ്രാൻഡ് സ്ലാം എന്ന നേട്ടവും സ്വന്തമാക്കി.
Rafa Nadal during his retirement speech:
“The titles, numbers, they’re there. People probably know that. The way I’d like to be remembered more is like a good person from a small village in Mallorca.” 🥹
— The Tennis Letter (@TheTennisLetter) November 19, 2024