ബെംഗളൂരു: ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം കാർ സെൻസറുകൾ ആഭ്യന്തരമായി നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യയ്‌ക്ക് റോക്കറ്റ് സെൻസറുകൾ നിർമ്മിക്കാൻ കഴിയുമെങ്കിൽ കാർ സെൻസറുകളും നിർമ്മിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു ടെക് ഉച്ചകോടിയിൽ ബഹിരാകാശ സാങ്കേതികവിദ്യയെയും പ്രതിരോധത്തെയും കുറിച്ചുള്ള സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ കർണാടക സ്‌പേസ് ടെക് നയത്തിന്റെ കരട് അദ്ദേഹം പ്രകാശനം ചെയ്തു. ചിലവുകുറഞ്ഞ ഉത്പാദനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സോമനാഥ് വിശദീകരിച്ചു. ഇന്ത്യ റോക്കറ്റ് സെൻസറുകൾ നിർമ്മിക്കുന്നതിൽ ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ കാർ സെൻസറുകൾക്ക് ഉയർന്ന ഉത്പാദന ചെലവായതിനാൽ ഇത് ആഭ്യന്തര ഉൽപ്പാദനത്തെ ലാഭകരമാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളിയെ നേരിടാൻ കൂടുതൽ വ്യവസായ സഹകരണം വേണമെന്ന് സോമനാഥ് പറഞ്ഞു. ഉച്ചകോടിയിൽ അവതരിപ്പിച്ചതുപോലുള്ള നയപരമായ ഇടപെടലുകൾ ഇതിന് പരിഹാരം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2020ലെ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങളെയും 2023ലെ ബഹിരാകാശ നയത്തെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ കൂടുതൽ പേർ നിക്ഷേപം നടത്താൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അഞ്ച് കമ്പനികൾ നിലവിൽ ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും റോക്കറ്റുകൾക്കും ഉപഗ്രഹങ്ങൾക്കുമായി ഉപസംവിധാനങ്ങൾ വികസിപ്പിക്കാനുള്ള സൗകര്യങ്ങൾ കമ്പനികൾ വിപുലീകരിച്ചതായും സോമനാഥ് ചൂണ്ടിക്കാട്ടി.