റാഞ്ചി: രണ്ട് ഘട്ടങ്ങളിലായി നടന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ പുറത്തുവരുന്ന എക്സിറ്റ്പോൾ ഫലങ്ങൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് ചരിത്ര വിജയമാണ് പ്രവചിക്കുന്നത്. ആകെ 81 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 42 മുതൽ 47 സീറ്റ് വരെ നേടി ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് മെട്രിസ് പുറത്തുവിട്ട എക്സിറ്റ് പോൾ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. ഇൻഡി സഖ്യത്തിന് 25 മുതൽ 30 വരെ സീറ്റുകൾ മാത്രമാകും നേടാനാവുക.
അതേസമയം ജെവിസിയും ബിജെപിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. സംസ്ഥാനത്ത് 40 മുതൽ 44 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് പ്രവചനം. ഇൻഡി മുന്നണി 30 നും 40 നും ഇടയ്‌ക്കുള്ള സംഖ്യയിലൊതുങ്ങുമെന്നും കണക്കുക്കൾ വ്യക്തമാക്കുന്നു. പീപ്പിൾസ് പൾസിന്റെ സർവേ ഫലങ്ങളും ബിജെപിക്ക് അനുകൂലമാണ്. 44 മുതൽ 53 വരെ സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചനം
നവംബർ 23 നാണ് വോട്ടെണ്ണൽ. ശക്തമായ ഭരണവിരുദ്ധ വികാരം ഹേമന്ത് സോറന്റെ ഝാർഖണ്ഡ് മുക്തി മോർച്ച ഉൾപ്പെടുന്ന സഖ്യ സർക്കാരിനെ താഴെയിറക്കുമെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന. സർക്കാരിന്റെ അഴിമതിയും കുടിയേറ്റ പ്രശ്നങ്ങളും വനവാസി വിഭാഗങ്ങൾക്കിടയിലെ അതൃപ്തിയും സംസ്ഥാനത്ത് ബിജെപി അനുകൂല തരംഗം സൃഷ്ടിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും ഭരണ തുടർച്ചയുണ്ടാവില്ലെന്ന ബിജെപിയുടെ കണക്കുകൂട്ടലുകൾ ശരിവെക്കുന്നതാണ്.