മുംബൈ: മഹാവികാസ് അഘാഡി സഖ്യത്തിന് (MVA) പ്രതീക്ഷ നൽകാതെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് തുടർഭരണം ലഭിക്കുമെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്. 288 അംഗ സീറ്റുകളിൽ വൻ ഭൂരിപക്ഷത്തോടെ ഭരണകക്ഷിയായ മഹായുതി സഖ്യം വിജയം നേടുമെന്നാണ് P-MARQ, MATRIZE എക്സിറ്റ് പോളുകൾ നൽകുന്ന പ്രതീക്ഷ.
ഏകനാഥ് ഷിൻഡെ (ശിവസേന), ദേവേന്ദ്ര ഫഡ്നാവിസ് (ബിജെപി), അജിത് പവാർ (എൻസിപി) എന്നിവർ നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് 137-157 സീറ്റുകൾ നേടാനാകുമെന്നാണ് P-MARQ പ്രവചിക്കുന്നത്. എന്നാൽ ഉദ്ധവ് താക്കറെ (ശിവസേന), ശരദ് പവാർ (എൻസിപി), കോൺഗ്രസ് എന്നിവരടങ്ങുന്ന പ്രതിപക്ഷ കക്ഷിയായ മഹാവികാസ് അഘാഡി 126-146 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് P-MARQ പ്രവചനം. മറ്റുള്ളവർ 2-8 സീറ്റുകൾ വരെ നേടിയേക്കും.
മഹായുതി സഖ്യത്തിന് തന്നെ വിജയം പ്രവചിക്കുന്ന MATRIZE എക്സിറ്റ് പോൾ 150-170 സീറ്റാണ് പ്രവചിക്കുന്നത്. 110-130 സീറ്റുകൾ MVA നേടിയേക്കും. സ്വതന്ത്രർ ചേർന്ന് 10 സീറ്റുകൾ വരെ സ്വന്തമാക്കാം.
മഹാരാഷ്‌ട്രയിൽ വൈകിട്ട് 5 മണി വരെയുള്ള കണക്കുകൾ പ്രകാരം 58.22 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. ഏഴ് മണി വരെയുള്ള പോളിംഗ് ഇലക്ഷൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യാൻ താമസിക്കുമെന്നാണ് വിവരം.