കൽപ്പറ്റ: വയനാട് മുട്ടിലിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ എഡിഎമ്മിനോട് റിപ്പോർട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. സ്കൂളിലെ കുടിവെള്ള സ്രോതസുകളിലൊന്നിൽ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കുഴൽക്കിണറിലെ വെള്ളത്തിലാണ് ജൂലൈ മാസം ശേഖരിച്ച സാമ്പിളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഉച്ചഭക്ഷണം തയാറാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ സ്കൂൾ അധികൃതർ വീഴ്ചവരുത്തിയെന്നും കമ്മീഷൻ വിലയിരുത്തി. സ്കൂൾ പരിസരത്തും ഭക്ഷണം പാകം ചെയ്യുന്ന ചുറ്റുപാടിലും ശുചിത്വം പാലിച്ചിട്ടില്ല. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉച്ചഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് 63 വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് നവംബർ 23 നുശേഷം സ്കൂൾ തുറന്നു പ്രവർത്തിച്ചാൽ മതിയെന്നാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ നിർദ്ദേശം. എഡിഎമ്മിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്നും കമ്മീഷൻ അറിയിച്ചു.















