ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റിനിടെ മുഖത്ത് പരിക്കേറ്റ അമ്പയർ ആശുപത്രിയിൽ. ബാറ്ററുടെ സ്ട്രെയിറ്റ് ഡ്രൈവിൽ പന്ത് അമ്പയറുടെ മുഖത്താണ് പതിച്ചത്. ഇതോടെ ഗുരുതരമായി പരിക്കേറ്റ ടോണി ഡി നോബ്രൊഗയ് ആശുപത്രിയിലായി. വെസ്റ്റ് ഓട്രേലിയൻ സബർബൻ ടർഫ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.
പെർത്ത്-വെബ്ലിം മത്സരം നിയന്ത്രിക്കുകയായിരുന്നു ടോണി. കണ്ണും ചുണ്ടും അടിയേറ്റ് ചുവന്ന് വീങ്ങിയെങ്കിലും അദ്ദേഹത്തിന്റെ എല്ലുകൾക്ക് പൊട്ടലില്ലെന്നും ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
അദ്ദേഹമിപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു. അമ്പയർമാർ ഇപ്പോൾ സാധാരണയായി സുരക്ഷാ കവചങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും ഈ മത്സരത്തിൽ ടോണി ഇത് ഉപയോഗിച്ചോ എന്ന കാര്യം വ്യക്തമല്ല. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. 2019ല്‍ വെയില്‍സില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തിനിടെ പന്ത് തട്ടി 80 -കാരനായ ജോണ്‍ വില്യംസ് എന്ന അമ്പയർ മരിച്ചിരുന്നു.