തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് മതാടിസ്ഥാനത്തിലാണെന്നുള്ള ആരോപണത്തിൽ വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നതായി സൂചന. അദ്ദേഹത്തിനെതിരെ കേസെടുക്കാൻ പോലീസിന് നിയമോപദേശം ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാട്സാപ്പ് ഗ്രോപ്പു തുടങ്ങിയതിലൂടെ മതപരമായ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചെന്നും കേസെടുക്കാമെന്നുമാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിട്ടുള്ള നിയമോപദേശം.
വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ചിലർ വിവാദമാക്കിയപ്പോൾ തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം.തുടർന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തെത്തുടർന്ന് ഗോപാലകൃഷ്ണനെ സർക്കാർ സസ്‌പെൻഡുചെയ്തു. കൂടുതൽ വ്യക്തതവരുത്തി കേസെടുത്ത് അന്വേഷണത്തിലേക്കു കടക്കാൻ പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് വീണ്ടും നിയമോപദേശം തേടി എന്നാണ് സൂചന.















