ജോർജ്ടൗൺ: ആഗോള വെല്ലുവിളികളുടെ പ്രത്യാഘാതങ്ങൾ രാജ്യങ്ങൾ നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ത്യ വിശ്വസ്ത പങ്കാളിയായി എല്ലാ പ്രശ്‌നബാധിത രാജ്യങ്ങൾക്കും സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗയാനയിൽ INDIA-CARICOM ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ലോകത്ത് നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ നിരവധി വെല്ലുവിളികളും ബുദ്ധിമുട്ടുകളും അഭിമുഖീകരിക്കേണ്ടി വന്നു. ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നത് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളാണ്. കോവിഡ് മഹാമാരി, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി എല്ലാ പ്രതിസന്ധികളെയും നേരിടാൻ കാരികോമിനൊപ്പം ഇന്ത്യയും നിലനിന്നു. ഭാവിയിലും വിശ്വസനീയമായ പങ്കാളിയായി മുന്നോട്ടുപോകാൻ ഇന്ത്യ ആഗ്രഹിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
Addressing the India-CARICOM Summit in Guyana. https://t.co/29dUSNYvuC
— Narendra Modi (@narendramodi) November 20, 2024
7 പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് കാരികോം പ്രവർത്തിക്കുന്നത്. സി എന്നത് സ്‌കോളർഷിപ്പിലൂടെയും മികച്ച പരിശീലനത്തിലൂടെയും സാങ്കേതികവിദ്യകളിലൂടെയും ശേഷി വർദ്ധിപ്പിക്കലിനെ ( capacity Building) സൂചിപ്പിക്കുന്നു. ഇന്ത്യയും ഇതിൽ പങ്കാളികളാണ്. അടുത്ത അഞ്ച് വർഷത്തേക്ക് ഐടിഇസി സ്‌കോളർഷിപ്പിലേക്ക് 1,000 സ്ലോട്ടുകൾ ചേർക്കും. കാരികോമിനായി ഫൊറൻസിക് സെന്ററുകൾ നിർമിക്കും. കാർഷിക മേഖലകൾ വിപുലീകരിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായും കാരികോമുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് പ്രധാനമന്ത്രി ഗയാനയിലെത്തിയത്. ജോർജ് ടൗൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയും കാബിനറ്റ് മന്ത്രിമാരും ചേർന്നാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ ‘അമ്മയുടെ പേരിൽ ഒരു മരം നടാം’ എന്ന പരിപാടിയിൽ മരം നട്ട് അദ്ദേഹം പങ്കെടുത്തിരുന്നു.















