തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശബരിമലയിലും മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഭക്തർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴയ്‌ക്കോ ഇടിമിന്നലിനോ സാധ്യതയുണ്ട്. ആകാശം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
മണിക്കൂറിൽ 40-55 കിലോമീറ്റർ വേഗതയിൽ ശക്തമായി കാറ്റ് വീശാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും നിർദേശത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം ശക്തമായ ഇടിമിന്നലിൽ പൊള്ളലേറ്റ് 20 കാരിയുടെ കാലിന് പരിക്കേറ്റിരുന്നു. കോഴിക്കോട് ചേളന്നൂരിലാണ് സംഭവം. 8 വീടുകളിൽ വ്യാപക നാശനഷ്ടവുമുണ്ടായി.















