ചെന്നൈ: ‘അമരൻ’ സിനിമയുടെ നിർമാതാക്കൾക്ക് എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുടെ വക്കീൽ നോട്ടീസ്. ചെന്നൈ സ്വദേശിയായ വാഗീശൻ ആണ് 1.1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. തന്റെ
സ്വകാര്യ മൊബൈൽ നമ്പർ സിനിമയിൽ സായ് പല്ലവിയുടേതായി കാണിച്ചതാണ് നോട്ടീസിന് ആധാരം.
സിനിമ ഇറങ്ങിയതിന് ശേഷം ഫോണിൽ ഇടതടവില്ലാതെ കോൾ വരുന്നുവെന്നും അതിനാൽ തനിക്ക് ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്നും വാഗീശൻ പറയുന്നു. തനിക്കുണ്ടായ ബുദ്ധിമുട്ടുകൾക്കും കടുത്ത മാനസിക സംഘർഷത്തിനും നഷ്ടപരിഹാരമായി 1.1 കോടി നൽകണമെന്നാണ് വാഗീശന്റെ ആവശ്യം.
2024 ഒക്ടോബർ 31-നാണ് ശിവകാർത്തികേയനും സായ് പല്ലവിയും അഭിനയിച്ച അമരൻ ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തിയത്. ദീപാവലി ആഘോഷത്തിനിടെയാണ് അപരിചിതമായ നമ്പരുകളിൽ നിന്ന് കോളുകൾ വരുന്നത് വാഗീസന്റെ ശ്രദ്ധയിൽപ്പെട്ടത്.
ആദ്യം കോൾ എടുത്ത് ഇത് സായ് പല്ലവിയുടെ നമ്പർ അല്ലെന്ന് മറുപടി നൽകിയെങ്കിലും പിന്നാലെ കോളുകളുടെ ബാഹുല്യം കാരണം സൈലന്റ് മോഡിൽ ആക്കി. വാട്സ്അപ്പിലും ഇതേരീതിയിലുള്ള സന്ദേശങ്ങൾ എത്തിയതോടെയാണ് തന്റെ മൊബൈൽ നമ്പർ സിനിമയിൽ കാണിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥിക്ക് മനസ്സിലായത്.
“സിനിമ ഇറങ്ങിയത് മുതൽ എനിക്ക് ഉറങ്ങാനോ പഠിക്കാനോ കഴിഞ്ഞിട്ടില്ല. ഫോൺ ഓൺ ചെയ്യുമ്പോൾ അപരിചിതർ വിളിക്കുന്നു. തുടർച്ചയായ ഇൻകമിംഗ് കോളുകൾ കാരണം ഒരു ക്യാബ് ബുക്ക് ചെയ്യാൻ പോലും കഴിയുന്നില്ല,” വിദ്യാർത്ഥി പറഞ്ഞു.