ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ പീഡനാരോപണം പാടില്ലെന്ന് സുപ്രീം കോടതി. തനിക്കെതിരെയുള്ള പീഡനാരോപണക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. യുവാവിനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കാതെ വേർപിരിയുന്ന സംഭവങ്ങളിൽ യുവാവിനെതിരെ ക്രിമിനൽ കേസെടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
2019-ൽ രജിസ്റ്റർ ചെയ്ത കേസിൽ ബി.വി. നാഗരത്‌ന, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇരുവരും തമ്മിൽ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്നും യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടർന്നാണ് യുവതി പരാതി നൽകിയതെന്നും ബെഞ്ച് വ്യക്തമാക്കി.
ക്രിമിനൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഹർജി തള്ളിയതോടെ യുവാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
സമാനമായ കേസിൽ നേരത്തെയും സുപ്രീം കോടതി ഇത്തരത്തിലുള്ള വിധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. തുടർച്ചയായി ഇതുപോലെയുള്ള പീഡനാരോപണ കേസ് വരുന്നതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്.
ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന കാര്യം കോടതിയ്‌ക്ക് ബോധ്യമായി. യുവാവ് വിവാഹ വാഗ്ദാനം നൽകിയിരുന്നില്ല എന്ന കാര്യവും കോടതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും യുവതിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.















