വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ ഫഹദ് ഫാസിലും ശ്രീലങ്കയിലെത്തി. കൊളംബോയിൽ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയുമൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ നിൽക്കുന്ന ഫഹദിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തെത്തി. ഫഹദും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന വിവരം നിർമാതാവ് ആന്റോ ജോസഫാണ് അറിയിച്ചത്.
മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും നേരത്തെ തന്നെ ശ്രീലങ്കയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് തുടക്കമായത്. മോഹന്‍ലാൽ ഭദ്രദീപം കൊളുത്തി മലയാളത്തിന്റെ ഡ്രീം പ്രോജക്ടിന് തുടക്കമിട്ടു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വിവരം.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
ശ്രീലങ്ക കൂടാതെ യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. 150 ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂർത്തിയാവുക.