ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തിയ വനിതാ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചത്. ടീമിന്റെ വിജയം ഭാവിയിലെ കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫൈനലിൽ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വനിതാ ടീം ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്.
എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി വനിതാ ഹോക്കി ടീമിന് ആശംസകൾ അറിയിച്ചത്. “അതുല്യമായ നേട്ടം! ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടിയ നമ്മുടെ വനിതാ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം അവർ മികച്ച പ്രകടനം പുറത്തെടുത്തു. ഈ വിജയം ഭാവി കായിക താരങ്ങൾക്ക് പ്രചോദനമാകും,” മോദി കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ദീപികയുടെ ഗോളിലാണ് ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ ചൈനയെ വീഴ്‌ത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 31-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്നാണ് ദീപിക ഇന്ത്യയുടെ വിജയഗോൾ കണ്ടെത്തിയത്. നേരത്തെ ടൂർണമെൻ്റിന്റെ ലീഗ് ഘട്ടത്തിലും ഇന്ത്യ 3-0ത്തിന് ചൈനയെ അട്ടിമറിച്ചിരുന്നു. 2016 ലും 2023 ലും ചാമ്പ്യന്മാരായതിന് പിന്നാലെയാണ് ഇന്ത്യ മൂന്നാമതും കിരീടമണിയുന്നത്.
A phenomenal accomplishment!
Congratulations to our hockey team on winning the Women’s Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes.
— Narendra Modi (@narendramodi) November 21, 2024