ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി 7,000 വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇരകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്തത്.
സൈബർ തട്ടിപ്പിന് ഉപയോഗിച്ച ഈ അക്കൗണ്ടുകളിൽ ഭൂരിഭാഗവും കംബോഡിയ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന് കണ്ടത്തി. പരാതികൾ വിശദമായി പരിശോധിച്ച ആഭ്യന്തര മന്ത്രാലയം സംശയാസ്പദമായ അക്കൗണ്ടുകൾ ഫ്ലാഗ് ചെയ്യുകയും ഈ നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ വാട്ട്‌സ്ആപ്പിന് നിർദ്ദേശം നൽകുകയും ചെയ്തു.
ഡിജിറ്റൽ അറസ്റ്റിൽ തട്ടിപ്പുകാർ നിയമപാലകരായി ആൾമാറാട്ടം നടത്തി ആളുകളെ കബളിപ്പിക്കുകയും വലിയ തുകകൾ കൈമാറാൻ അവരെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സിബിഐ ഏജൻ്റുമാരോ, ആദായ നികുതി ഉദ്യോഗസ്ഥരോ, കസ്റ്റംസ് ഏജൻ്റുമാരോ ആയി ചമഞ്ഞാണ് തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുക. ഇവർ ഇരകളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. അടുത്തിടെ പ്രധാനമന്ത്രി മോദി ഈ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിലൂടെ തട്ടിപ്പുകാർ പ്രതിദിനം 6 കോടിയോളം രൂപ തട്ടിയെടുക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ വിഭാഗം അറിയിച്ചു. ഈ വർഷം ആദ്യത്തെ 10 മാസത്തിനുള്ളിൽ മാത്രം 2140 കോടി രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. ഒക്‌ടോബർ വരെ 92,334 ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും അധികൃതർ പറഞ്ഞു.