തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സംഭവത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലും മന്ത്രി സ്ഥാനം രാജി വയ്‌ക്കില്ലെന്ന നിലപാടിൽ ഉറച്ച് മന്ത്രി സജി ചെറിയാൻ. ഹൈക്കോടതിയുടെ വിധി അന്തിമമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
” ധാർമ്മികത ഉയർത്തിപിടിച്ചാണ് അന്ന് മന്ത്രി സ്ഥാനം രാജി വച്ചത്. പിന്നീട് കോടതിവിധിയുടെ അടിസ്ഥാനത്തിൽ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇപ്പോൾ പദവി രാജിവയ്‌ക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്റെ പ്രസംഗത്തെ കുറിച്ചല്ല കോടതിയിൽ പ്രതിപാദിച്ചിരിക്കുന്നത്. പ്രസംഗത്തിന്റെ ഉള്ളടക്കത്തിലേക്ക് കോടതി ഇതുവരെ കടന്നിട്ടില്ല. എന്റെ ഭാഗം ഹൈക്കോടതി കേൾക്കുന്നതിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികൾ സ്വീകരിക്കും.”- സജി ചെറിയാൻ പറഞ്ഞു.
ഹൈക്കോടതിയുടെ മുകളിലും കോടതിയുണ്ട്. പ്രസംഗവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം ശരിയാണെന്നാണ് ഒരു കോടതി പറയുന്നത്. എന്നാൽ തെറ്റെന്ന് മറ്റൊരു കോടതി പറയുന്നു. ആവശ്യമെങ്കിൽ ഹൈക്കോടതിക്ക് മുകളിലുള്ള കോടതിയിലേക്ക് പോകാനും തയ്യാറാണെന്നും സജി ചേറിയാൻ വ്യക്തമാക്കി.
പൊലീസ് അന്വേഷണത്തിൽ വിട്ടുപോയ ചില ഭാഗങ്ങൾ കൂടി അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ പ്രസംഗത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. അതിനാൽ ഇവിടെ ധാർമികതയുടെ പ്രശ്‌നം ഉയരുന്നില്ലെന്നും രാജി വയ്‌ക്കേണ്ടതില്ലെന്നുമാണ് സജി ചെറിയാന്റെ വാദം.















