ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ബിജെപി. ‘ ശീഷ് മഹൽ’ അഴിമതി ആരോപണം ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിഷേധം. ഡൽഹി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്.
മുഖ്യമന്ത്രിയായിരിക്കെ വൻ തുക ചെലവഴിച്ച് അരവിന്ദ് കെജ്‌രിവാൾ വസതി പുതുക്കിപ്പണിതുവെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതിനെക്കാൾ തുക ഉപയോഗിച്ചായിരുന്നു വസതിയുടെ പുനരുദ്ധാരണം. സ്വർണം പൂശിയ ഫർണീച്ചറുകൾ, വിലപ്പിടിപ്പുള്ള അലങ്കാര വസ്തുക്കൾ തുടങ്ങിയ ആഢംബരങ്ങളോടെയാണ് വസതി നിർമിച്ചിരിക്കുന്നതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.
എങ്ങനെയാണ് ഇത്രയും വിലപ്പിടിപ്പുള്ള വസ്തുക്കൾ മുൻമുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതെന്ന് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കണം. പഞ്ചാബ് സർക്കാരിൽ നിന്നോ? മദ്യനയ കുംഭകോണത്തിൽ നിന്നോ? അതോ ഡൽഹി ജൽ ബോർഡ് പദ്ധതിയിൽ നിന്നാണോയെന്ന് കെജ്‌രിവാൾ വ്യക്തമാക്കമമെന്നും വീരേന്ദ്ര സച്ച്‌ദേവ ആവശ്യപ്പെട്ടു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടും അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. 45 കോടി ചെലഴിച്ചാണ് മുഖ്യമന്ത്രിയായിരിക്കെ മന്ത്രിമന്ദിരം പുതുക്കിപ്പണിതതെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.















