പത്തനംതിട്ട: ശബരിമലയിലെത്തിയ ഭക്തർക്ക് ദേവസ്വം ബോർഡ് പഴകിയ ഉണ്ണിയപ്പം വിതരണം ചെയ്തെന്ന് പരാതി. ശബരിമല ദർശനത്തിനെത്തിയ കൊച്ചി സ്വദേശികളായ ഭക്തർക്കാണ് കാലപ്പഴക്കം കൊണ്ട് പൂപ്പൽ പിടിച്ച ഉണ്ണിയപ്പം ലഭിച്ചത്. പാക്കറ്റിന് 45 രൂപ നിരക്കിലാണ് ഉണ്ണിയപ്പം വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് കൊച്ചി കടുങ്ങല്ലൂർ സ്വദേശികളായ 12 പേരടങ്ങുന്ന സംഘം ശബരിമല ദർശനത്തിനെത്തിയത്. ദർശനശേഷം അരവണപ്രസാദവും ഉണ്ണിയപ്പവും വാങ്ങിയാണ് മടങ്ങിയത്. ഒരാൾ മൂന്ന് പാക്കറ്റ് വീതം വാങ്ങിയിരുന്നു. വീട്ടിലെത്തി പ്രസാദം തുറന്നു നോക്കിയപ്പോഴാണ് പൂപ്പൽ പിടിച്ച ഉണ്ണിയപ്പമാണ് ലഭിച്ചതെന്ന് മനസിലാകുന്നത്. സംഘത്തിലെ 12 പേർക്കും ലഭിച്ചത് പഴയകിയവയാണ്.
ദേവസ്വംബോർഡിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭക്തർ. പഴകിയ പ്രസാദം വിതരണം ചെയ്ത ദേവസ്വം ബോർഡിനെതിരെ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. മണ്ഡലകാലത്തിന്റെ ആദ്യ ഒരാഴ്ചക്കാലത്ത് പഴയ സ്റ്റോക്കിൽ ശേഖരിച്ചിരുന്ന അരവണയും ഉണ്ണിയപ്പവുമാണ് വിൽക്കുന്നതെന്ന ആക്ഷേപങ്ങൾ കഴിഞ്ഞ വർഷവും ഉയർന്നിരുന്നു. എന്നാൽ വിഷയത്തിൽ ദേവസ്വം ബോർഡ് അലംഭാവം തുടരുകയാണ്.