ആരോഗ്യകരമായ ഭക്ഷണത്തോടെ ദിവസം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. തിരക്കിട്ട ജീവിതത്തിൽ മിക്കവരും പഴങ്ങളും ഓട്സുമൊക്കെ പ്രാതലിനായി കഴിക്കുന്നവരാണ്. അക്കൂട്ടത്തിലൊന്നാണ് ഫ്രൂട്ട് യോഗർട്ട്. പഴങ്ങളിൽ അരഞ്ഞ് യോഗർട്ടോ തൈരോ ഒക്കെ ചേർത്ത് തേനും ഒഴിച്ച് കഴിക്കുന്നതാണ് ഫ്രൂട്ട് യോഗർട്ട്. വളരെ ആരോഗ്യകരമെന്ന് പറഞ്ഞ് കഴിക്കുന്ന ഇത് കുടലിന്റെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
പ്രത്യക്ഷത്തിൽ ആരോഗ്യകരമെന്ന് തോന്നിക്കുന്ന ചില വിഭവങ്ങളും ചില കോമ്പിനേഷനുകളും ശരീരത്തിന് അത്ര നല്ലതല്ലെന്ന കാര്യം എപ്പോഴും ഓർമ വേണം. പഴങ്ങൾ, നട്സ്, തൈര് എന്നിവ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും ഏറെ നേരം വിശപ്പിനെ തടയും എന്നൊക്കെയാണ് കരുതുന്നതെങ്കിൽ തെറ്റി. സിട്രസ് പഴങ്ങൾ, വാഴപ്പഴം, ആപ്പിൾ, തേൻ, അണ്ടിപ്പരിപ്പ്, ബദാം എന്നിവയൊക്കെയാണ് പ്രാതലിന് ഒരുമിച്ച് കഴിക്കുന്നത്. ഈ കോമ്പിനേഷൻ ദഹനത്തെ തടസപ്പെടുത്തുമെന്ന് ആയുർവേദ ഹെൽത്ത് കോച്ച് ഡിംപിൾ ജംഗ്ദയുടെ അഭിപ്രായപ്പെടുന്നു. പാലുത്പന്നങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീനായ കസീൻ സിട്രസുമായി ചേരുന്നതാണ് ഇതിന് പിന്നിലെ കാരണം.
പഴങ്ങളിൽ പഞ്ചസാരയും പാലുത്പന്നങ്ങളിൽ ലാക്ടോസും അടങ്ങിയിരിക്കുന്നു. ഇവ കൂടിച്ചേരുമ്പോൾ ഗ്യാസ്ട്രബിൾ, വയറുവീർക്കൽ, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരത്തിൽ പഴവും പാലുത്പന്നങ്ങളും ഒന്നിച്ച് കഴിച്ചാൽ ആഹാരത്തിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തിന് സാധിക്കില്ല. ഇത് അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതുകൊണ്ട് പാലുും പഴങ്ങളും ചേർത്ത് കഴിക്കാതിരിക്കുക.
പാലുത്പന്നങ്ങൾ കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രം പഴങ്ങൾ കഴിക്കുക, അല്ലെങ്കിൽ തിരിച്ച്. പഴങ്ങളിലെ പഞ്ചസാരയെ തടയാൻ അണ്ടിപ്പരിപ്പ് സഹായിക്കും. വൈകുന്നേരത്തെ സ്നാക്സിന് പകരമായി പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക. കട്ടിയുള്ള ആഹാരങ്ങൾ കഴിച്ച ശേഷം പഴങ്ങൾ കഴിക്കുന്നത് ദഹനത്തെ തടയും. ന്യൂട്രിഷ്നിസ്റ്റിനെ കണ്ട് ഇക്കാര്യങ്ങൾ വ്യക്തത വരുത്തി മാത്രം ഭക്ഷണം ശീലമാക്കുക.















