തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഉദ്യോഗസ്ഥയെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
സെക്രട്ടറിയേറ്റ് അനക്സ് 1-ലെ ശുചിമുറിയിൽ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ക്ലോസറ്റിൽ ചെന്നിരുന്ന ഉടനെ പൊട്ടിവീഴുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ കിംസിലേക്ക് മാറ്റുകയായിരുന്നു.
പരിക്കേറ്റ ഉദ്യോഗസ്ഥയുടെ മുറിവ് ആഴത്തിലുള്ളതാണെന്നും രക്തത്തിൽ കുളിച്ച നിലയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്നും സെക്രട്ടറിയേറ്റ് അസോസിയേഷൻ അംഗം ഇർഷാദ് പ്രതികരിച്ചു.
മന്ത്രിമാരുടെ മുറികളിലും ഓഫീസുകളിലും കൃത്യമായി അറ്റകുറ്റപ്പണി നടത്തും. മങ്ങിയ ടൈൽസ് ഉൾപ്പടെ മാറ്റും. എന്നാൽ സാധാരണക്കാരായ ജീവനക്കാർ പണിയെടുക്കുന്ന കെട്ടിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ കാലാകാലങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
സെക്രട്ടറിയേറ്റ് മോടിപിടിപ്പിക്കുന്ന സംസ്ഥാന സർക്കാർ, സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് പരിഗണന നൽകാത്തതിന്റെ ഉദാഹരണമാണ് അപകടമെന്നാണ് തൊഴിലാളി യൂണിയനുകളുടെ വിമർശനം. കഴിഞ്ഞ ദിവസമാണ് ധനകാര്യ വകുപ്പിൽ സ്ത്രീകളുടെ ശുചിമുറിയിൽ അണലിയുടെ കുഞ്ഞിനെ കണ്ടെത്തിയത്. ബാത്റൂമിന് ചുറ്റും വൃത്തികെട്ട അന്തരീക്ഷമാണെന്നും സ്റ്റെയർകെയ്സിന് കീഴിൽ വേണ്ടാത്ത സാധനങ്ങൾ മൊത്തം കൂട്ടിയിട്ടിട്ടുണ്ടെന്നും വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അപകടം.















