ഐശ്വര്യ ലക്ഷ്മിയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഹലോ മമ്മിയ്‌ക്ക് വൻ സ്വീകാര്യത. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവയ്‌ക്കുന്നത്. ഇതുവരെ കാണാത്ത കോംബോയെ മലയാളി പ്രേക്ഷകർ സ്വീകരിച്ചുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. വൈശാഖ് എലൻസി സംവിധാനം ചെയ്ത ചിത്രം കോമഡി, ഹൊറർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
അമ്മമാരുടെ ഇമോഷൻസ് പറയുന്ന സിനിമയാണിതെന്നും കുടുംബത്തോടൊപ്പം എത്തി കാണേണ്ട കഥയാണെന്നും പ്രേക്ഷകർ പറയുന്നു. ‘ഹലോ മമ്മി ഹൃദയത്തിൽ തൊട്ടു. കൊമഡി, ഫാന്റസി ചിത്രമാണിത്. പ്രേക്ഷകർ ഇതുവരെയും കാണാത്ത വിഭാഗത്തിലുള്ളതാണ് സിനിമ. അമ്മമാർക്ക് മാത്രമേ ചിത്രത്തിലെ ഇമോഷൻസിനെ കുറിച്ച് മനസിലാവുകയുള്ളൂ’.
‘അഞ്ച് വയസിന് മുകളിലുള്ള ആർക്ക് വേണമെങ്കിലും കാണാനാകുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടും. ഐശ്വര്യ ലക്ഷ്മി-ഷറഫുദ്ദീൻ കോംബോ നല്ലതായിരുന്നു. ഏത് പ്രായക്കാർക്കും ചിത്രം ആസ്വദിക്കാം. കോമഡിയും റൊമാൻസും ഹൊററുമൊക്കെ ചേർന്ന കളർഫുൾ സിനിമയാണ് ഹലോ മമ്മി. മുഴുനീള എന്റർടൈൻമെന്റ് ചിത്രമാണ്. ബോറടിക്കാതെ എല്ലാവർക്കും കണ്ടിരിക്കാൻ സാധിക്കും. മലയാളത്തിൽ അധികം ഇറങ്ങാത്ത ജോണറിലുള്ള ചിത്രമാണ്’- പ്രേക്ഷകർ പറയുന്നു.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെ കുറിച്ചും വിഷ്വൽ എഫക്ടസിനെ കുറിച്ചും പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്. ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെ പ്രകടനവും മനോഹരമായിരുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം. അജു വർഗീസ്, ബിന്ദു പണിക്കർ, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.