ഡിണ്ടിഗൽ: കൊടൈക്കനാലിൽ ഒരാഴ്ചയ്‌ക്കിടെ രണ്ട് കാട്ടാനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞു. ചത്ത സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി.
കൊടൈക്കനാലിൽ വെങ്ങല വയൽ എന്ന പ്രദേശത്ത് ഇന്നലെ ഒരു ആൺ ആന ദുരൂഹസാഹചര്യത്തിൽ ചത്തിരുന്നു. രണ്ട് ദിവസം മുമ്പ് 40 വയസ്സുള്ള മറ്റൊരു കാട്ടാനയും ചത്തിരുന്നു.
കാട്ടാനകളുടെ ദുരൂഹ മരണം മൃഗസ്‌നേഹികളെ ഞെട്ടിച്ചിരിക്കുകയാണ്. അവരുടെ ആവശ്യപ്രകാരം ഇതു സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം നടത്തിവരികയാണ്. ആനകൾ ചത്ത സ്ഥലത്തിന് സമീപം കീടനാശിനികൾ ഉണ്ടായിരുന്നതിനാൽ ഒരു പക്ഷേ ദുരന്തകാരണം അതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. കീടനാശിനികൾ ഉപയോഗിക്കുന്ന കർഷകരോട് അവ തോട്ടത്തിൽ തന്നെ സംസ്കരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉത്തരവിടുകയും രാസവളങ്ങളും കീടനാശിനികളും വിൽക്കുന്ന കടകൾക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
ആനകളുടെ സഞ്ചാരവും ഭക്ഷണവും സൂക്ഷ്മമായി നിരീക്ഷിച്ച് നാശനഷ്ടങ്ങൾ ഒഴിവാക്കണമെന്ന് വന്യജീവി സ്നേഹികൾ ആവശ്യപ്പെട്ടു.















