പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യിക്കാൻ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയും വീടുകൾ കയറിയിറങ്ങി ഖുറാനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചെന്ന് ആരോപണം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവാണ് കോൺഗ്രസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മുൻ എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലാണ് ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഹായം തേടിയത്.
പാലക്കാട് തെരഞ്ഞെടുപ്പിൽ മതവർഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണ്. വികെ ശ്രീകണ്ഠൻ എംപിയുടേത് നാടകമാണ്. കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ കോൺഗ്രസ് ബൂത്തുകളിൽ ആളുണ്ടായില്ല. മാത്തൂരും കണ്ണാടിയിലും മുന്നേറ്റമുണ്ടായി. പിരായിരിയിൽ കോൺഗ്രസ് വോട്ട് പോലും സിപിഎമ്മിന് ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു.
2021-ൽ ബിജെപി സ്ഥാനാർത്ഥി ഇ. ശ്രീധരന് ലഭിച്ച പിന്തുണ പി സരിന് ലഭിച്ചെന്നും ഇത്തവണ അതിലേറെ വോട്ടുകൾ സിപിഎം നേടുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യരുടെ വരവ് ഡിസിസി പ്രസിഡൻ്റ് തങ്കപ്പൻ പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വ്യാജവോട്ടിന് തടയാൻ കഴിഞ്ഞെന്നും ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു.















