മഹാകുഭമേളയ്‌ക്ക് രാജ്യമൊരുങ്ങുകയാണ്. ലക്ഷക്കണക്കിന് പേരാകും ഉത്തർപ്രദേശിലേക്ക് ഒഴുകിയെത്തുക. മഹാകുഭമേളയ്‌ക്ക് എത്തുന്നവരെ വ്യത്യസ്ത രീതിയിൽ സ്വീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി. പ്രയാഗ്‌രാജിൽ ആഡംബര ടെന്റ് സിറ്റി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
ആത്മീയതയെ ആധുനിക സൗകര്യങ്ങളുമായി സമന്വയിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുഭമേളയ്‌ക്കെത്തുന്നവർക്ക് നവ്യാനുഭവം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐആർസിടിസി ചെയർമാൻ സഞ്ജയ് കുമാർ ജെയ്ൻ പറഞ്ഞു. ഭാരതത്തിന്റെ ആത്മീയവും സാസ്കാരികവുമായ പൈതൃകം പ്രതിഫലിപ്പിക്കാൻ ടെന്റ് സിറ്റിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഭമേളയ്‌ക്കെത്തുന്നവർക്ക് ആധുനിക സൗകര്യങ്ങളോടെ, ശാന്തമായ ആത്മീയ അന്തരീക്ഷത്തിൽ ദിവസങ്ങൾ ചെലവിടാൻ സൗകര്യമൊരുക്കുന്നതാണ് ടെൻ്റ് സിറ്റി. ഒരു രാത്രിക്ക് 6,000 രൂപയാണ് ഐആർസിടിസി ഈടാക്കുക. ഇതിന് പുറമേ നികുതിയും നൽകണം. രണ്ട് പേർക്ക് കഴിയാനുള്ള സൗകര്യമുണ്ടാകും. പ്രഭാതഭക്ഷണവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് പുറമേ മഹാകുഭമേളയ്‌ക്ക് എത്താനായി ആസ്ത, ഭാരത് ഗൗരവ് ട്രെയിനുകളും സജ്ജമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി irctctourism.com സന്ദർശിക്കുകയോ 1800110139 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.















