കുടുംബബന്ധം, സൗഹൃദം, പ്രണയം എന്നിവ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സിനിമയാണ് ഹലോ മമ്മി. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും തകർത്ത് അഭിനയിച്ച സിനിമ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിരിച്ചും ചിന്തിപ്പിച്ചും ഇരുവരും പ്രേക്ഷകരെ കൈയ്യിലെടുത്തുവെന്നാണ് ആദ്യ ഷോ കഴിയുമ്പോൾ വ്യക്തമാകുന്നത്. അണിയറ പ്രവർത്തകർക്കൊപ്പമാണ് ഐശ്യര്യയും ഷറഫുദ്ദീനും സിനിമ കാണാനെത്തിയത്. സിനിമ എല്ലാവരും കണ്ട് വിലയിരുത്തട്ടെയെന്നും പോസിറ്റീവ് പ്രതികരണങ്ങളിൽ സന്തോഷമുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ആദ്യ ഷോയ്‌ക്ക് ശേഷം ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമാണ് ആദ്യ ഷോ കണ്ടത്. ആരുമറിയാതെ പ്രേക്ഷകർക്കൊപ്പമിരുന്ന് ഒരിക്കൽ കൂടി സിനിമ കാണണം. ആദ്യ ഷോയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാവരും ചിത്രം കണ്ട് വിലയിരുത്തട്ടെ.
ചിത്രത്തിൽ സുജാത ചേച്ചി പാടിയ പാട്ട് ഞാൻ റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ മുതൽ നിർത്താതെ കേൾക്കുന്നുണ്ട്. ആ പാട്ടും അതിന്റെ സീനുമാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ആദ്യ ഷോ കഴിഞ്ഞ ഉടനെ വിലയിരുത്തുന്നതിനേക്കാൾ കുറച്ചുകൂടി കഴിഞ്ഞ് നോക്കാം. അമ്മമാരുടെ സിനിമയായതിനാലാണ് പ്രേക്ഷകർ കൂടുതൽ ഇമോഷനാകുന്നതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ആദ്യ ഷോ കഴിയുമ്പോൾ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പറയുന്നതെന്നും സിനിമ കണ്ട് എല്ലാവരും ചിരിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ടെന്നും ഷറഫുദ്ദീൻ പ്രതികരിച്ചു. കുട്ടികളോടൊപ്പമിരുന്ന് ആസ്വദിക്കാൻ കഴിയുന്ന സിനിമ കുട്ടികളോടൊപ്പം തന്നെ കാണണം. ഇനിയും സിനിമ കണ്ട് പ്രേക്ഷകർ അഭിപ്രായങ്ങൾ പറയണമെന്നും താരം പറഞ്ഞു.
ഷറഫുദീൻ അവതരിപ്പിക്കുന്ന ബോണി, ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സ്റ്റെഫി എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണി, സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. സ്റ്റെഫിയുടെ എല്ലാ കണ്ടീഷനും അംഗീകരിച്ച് കൊണ്ട് തന്നെ ബോണി വിവാഹത്തിന് സമ്മതിക്കുന്നു. എന്നാൽ വിവാഹം കഴിച്ച് സ്റ്റെഫിക്കൊപ്പം ജീവിതം തുടങ്ങുന്ന ബോണിയെ കാത്തിരിക്കുന്നത് ഒരു ആത്മാവ് ആണ്. പിന്നീട് ആ ആത്മാവും ബോണിയും തമ്മിലുള്ള രസകരമായ പോരാട്ടവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ‘ഹലോ മമ്മി’ അവതരിപ്പിക്കുന്നത്.
ജീവിതം എങ്ങോട്ട് ഒഴുകുന്നോ അങ്ങോട്ട് ഓടുന്ന ബോണിയും അവനെ പറ്റാവുന്ന കുഴിയിലെല്ലാം കൊണ്ടിറക്കുന്ന സുഹൃത്ത് ബിച്ചുവും. ബോണിയെക്കാൾ തല്ലിപ്പൊളിയായ കാശുകാരൻ അപ്പനും ബോണിയെ രക്ഷപ്പെടുത്താൻ കൊണ്ടു പോയി കുരിക്കിലാക്കുന്ന അളിയനും എല്ലാവരും ചേർന്ന് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.















