ന്യൂഡൽഹി: ബഹിരാകാശ പ്രവർത്തനങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുമായി (ASA) ഇമ്പ്ളിമെന്റേഷൻ കരാർ ഒപ്പുവച്ചതായി ഐഎസ്ആർഒ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹകരണം വർധിപ്പിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസമാണ് ഇരുരാജ്യങ്ങളും കരാർ ഒപ്പുവച്ചത്. ISRO യുടെ ഹ്യൂമൻ സ്പേസ് ഫ്‌ളൈറ്റ് സെന്റർ (HSFC) ഡയറക്ടർ ഡികെ സിംഗും ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസിയുടെ സ്പേസ് കപ്പബിലിറ്റി ബ്രാഞ്ച് ജനറൽ മാനേജർ ജെറോഡ് പവലുമാണ് കരാർ ഒപ്പുവച്ചത്. ദൗത്യത്തിനായുള്ള ക്രൂ, ക്രൂ മൊഡ്യൂൾ വീണ്ടെടുക്കൽ ശ്രമങ്ങളിലെ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് ഗഗൻയാൻ.ഇതിലൂടെ ലോ എർത്ത് ഓർബിറ്റിലേക്ക് ക്രൂഡ് മൊഡ്യുളിനെ അയക്കാനുള്ള ഇന്ത്യയുടെ കഴിവ് തെളിയാക്കാനുമാകും.















