തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കോമറിൻ മേഖലയ്‌ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീനഫലത്താലാണ് മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 35 മുതൽ 45 വരെയും ചില സന്ദർഭങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി, മാന്നാർ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 25-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അധികൃതർ നിർദേശിച്ചു.
മണിക്കൂറിൽ 40-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ഇടിമിന്നൽ ശക്തമായാൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.