ചോക്ലേറ്റ് പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് Lindt ചോക്ലേറ്റുകൾ. ലോകപ്രശസ്തമായ സ്വിസ് ചോക്ലേറ്റ് കമ്പനിയാണ് Lindt. പ്രീമിയം ചോക്ലേറ്റുകളും ഡാർക്ക് ചോക്ലേറ്റും വിൽക്കുന്നതിൽ പേരുകേട്ട Lindt കഴിഞ്ഞ ഏതാനും നാളുകളായി വിവാദത്തിലാണ്. കമ്പനി നിർമിക്കുന്ന ചോക്ലേറ്റ് ബാറുകളിൽ മെറ്റൽ സാന്നിധ്യം കണ്ടെത്തിയതാണ് വിവാദത്തിനാധാരം. ഈയം (ലെഡ്), കാഡ്മിയം എന്നീ ലോഹങ്ങൾ ചോക്ലേറ്റിൽ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്.
ചോക്ലേറ്റ് നിർമിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത രണ്ട് പദാർത്ഥങ്ങളാണ് ലെഡും കാഡ്മിയവുമെന്ന് Lindt അറിയിച്ചു. ഓരോ ചോക്ലേറ്റ് ബാറിലും നിയന്ത്രിത അളവിൽ മാത്രമാണ് ചേർക്കുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം.
അമേരിക്കൻ ഉപഭോക്താക്കളായിരുന്നു Lindt നെതിരെ കോടതിയെ സമീപിച്ചത്. 2023ലാണ് കേസ് രജിസ്റ്റർ ചെയ്തത്. Lindtനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നതായിരുന്നു കേസ്. അലബാമ, കാലിഫോർണിയ, ഫ്ലോറിഡ, ഇല്ലിനോയ്സ്, നെവാദ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിൽ Lindtന്റെ പ്രീമിയം ഉത്പന്നങ്ങൾക്ക് പ്രീമിയം തുക ഈടാക്കുന്നുണ്ടെങ്കിലും പ്രീമിയം ഗുണനിലവാരം പുലർത്തുന്നില്ലെന്നാണ് പരാതി.
2022ൽ യുഎസിലെ ഒരു നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ Lindtന്റെ ഡാർക്ക് ചോക്ലേറ്റുകളിൽ നടത്തിയ പഠനത്തിലാണ് ഉയർന്ന അളവിൽ കെമിക്കലുകൾ കണ്ടെത്തിയത്. ഇതിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. Lindtന്റെ Excellence (70% കൊക്കോ) ഡാർക്ക് ചോക്ലേറ്റിൽ 85 ശതമാനം കൊക്കോ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് കൂടാതെ ഉയർന്ന അളവിൽ ഈയവും കാഡ്മിയവും കമ്പനി ചേർത്തിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎസിലെ ഉപഭോക്താക്കൾ കോടതിയെ സമീപിച്ചത്.
ലെഡും കാഡ്മിയവും അടങ്ങിയ ചോക്ലേറ്റ് സ്ഥിരമായി കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് കണ്ടെത്തൽ. കുട്ടികളിൽ തലച്ചോറിന്റെ വികാസത്തെയും ഐക്യു ലെവലിനെയും ഇത് ബാധിക്കും. ഗർഭിണിയായ യുവതികൾക്കും ദോഷമാണിത്. മുതിർന്നവരിൽ നാഡീവ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ ഹൈപ്പർടെൻഷൻ, ഇമ്യൂൺ സിസ്റ്റം സപ്രഷൻ, വൃക്കയ്ക്ക് തകരാർ, പ്രത്യുത്പാദന പ്രശ്നങ്ങൾ എന്നിവയും മുതിർന്നവരിൽ കണ്ടേക്കാം. അതിനാൽ സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നവർ ജാഗ്രതൈ..