ധാക്ക: ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ ബംഗാളി മുസ്ലീം ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണനും രാഷ്‌ട്രീയ പ്രവർത്തകയുമായിരുന്ന റോക്കിയ സഖാവത് ഹൊസൈൻ എന്ന ബീഗം റൊകെയയുടെ ചുവർ ചിത്രം ബംഗ്ലാദേശിൽ വികൃതമാക്കി.
ധാക്ക സർവകലാശാലയുടെ ഷംസുൻ നഹർ ഹാളിന് സമീപമുള്ള ഭിത്തിയിൽ വരച്ചു ചേർത്തിരുന്ന ഗ്രാഫൈറ്റിയാണ് കറുത്ത പെയിൻ്റ് ഉപയോഗിച്ച് മുഖം മറച്ച് വികൃതമാക്കിയത്. ബംഗ്ലാദേശിലും ഇന്ത്യയിലും മുസ്ലീം സ്ത്രീ വിമോചനത്തിന്റെ തുടക്കക്കാരിയായി ബീഗം റൊകെയ പരക്കെ കണക്കാക്കപ്പെടുന്നു.
ധാക്ക സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനിയാണ് ഈ നശീകരണ പ്രവൃത്തി ചെയ്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവർ പിന്നീട് ക്ഷമാപണം നടത്തി എന്നും വാർത്തകൾ സൂചിപ്പിക്കുന്നു.
സംഭവം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പരക്കെ വിമർശനം ഉയർന്നു. തുടർന്ന് ജനരോഷം വ്യാപകമാകുന്നതിനു മുൻപ് ധാക്ക യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ബീഗം റൊകെയയുടെ ചിത്രം പൂർവ്വ സ്ഥിതിയിലാക്കി.
എന്നാൽ ബീഗം റൊകെയയുടെ ചിത്രം വികൃതമാക്കിയതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പടരുകയാണ്. ഷെയ്ഖ് ഹസീനയുടെ സ്ഥാനചലനത്തിനു ശേഷം നിരവധി സ്മാരകങ്ങൾ ബംഗ്ലാദേശിൽ തകർക്കപ്പെട്ടിരുന്നു.















