ചെറിയ പ്രായത്തിൽ തന്നെ അയ്യപ്പസ്വാമിയെ മുപ്പതും അറുപതും തവണ കണ്ടതിന്റെ ആത്മസംതൃപ്തിയിലും നിർവൃതിയിലുമാണ് കൊല്ലം സ്വദേശികളായ സഹോദരങ്ങൾ. പനയം സ്വദേശികളാണ് അഭിഷേക് കൃഷ്ണയും അഭിനവ് കൃഷ്ണയും. കുട്ടിക്കാലം മുതൽക്കേ ഓരോ മാസപൂജയ്‌ക്കും മണ്ഡലകാലത്തും ഇരുവരും ശബരിമലയിലെത്തും.
12 വയസുകാരനായ അഭിഷേക് ഇത്തവണയെത്തിയത് 30-തവണയാണ്. ചേട്ടൻ അഭിനവ് അറുപതാം തവണയുമാണ് ഹരിഹരസുതനെ ദർശിക്കാനെത്തിയത്. അയ്യന്റെ സന്നിധിയിലെത്തുമ്പോൾ ഇരുവർക്കും അതിയായ സന്തോഷമാണ്. പൊതുപ്രവർത്തകൻ കൂടിയ അച്ഛൻ അനന്തകൃഷ്ണനൊപ്പമാണ് ഇരുവരും മലചവിട്ടി അയ്യന്റെ സന്നിധിയിലെത്തുന്നത്.
അനന്തകൃഷ്ണൻ 200-ലധികം തവണ മലചവിട്ടിയിട്ടുണ്ട്. പത്ത് വയസുള്ള മകളെ 18 തവണ ഈ അച്ഛൻ ശബരിമലയിലെത്തിച്ചു. കാലുവേദന ഉണ്ടെങ്കിൽ പോലും മല ചവിട്ടി ഇവിടെ എത്തുമ്പോഴാണ് തൃപ്തി വരുന്നതെന്ന് സന്നിധാനത്ത് നിന്ന് അദ്ദേഹം പറയുന്നു. ശാരീരികവും മാനസികവുമായ വളർച്ച നൽകുന്നുണ്ടെന്നും അയ്യപ്പന്റെ അനുഗ്രഹമാണെന്നും അനന്തകൃഷ്ണൻ പറഞ്ഞു.
നല്ല അന്തരീക്ഷവും നല്ല വായുമാണ് ശബരിമലയിലേത്. തിരക്കുള്ള ദിവസങ്ങളിൽ ആളുകളുമായി സഹകരിച്ച് നിൽക്കാൻ കഴിയുമെന്ന് അഭിഷേക് പറഞ്ഞു. മലകയറിയെത്തുമ്പോൾ പോസ്റ്റീവ് എനർജിയാണ് ലഭിക്കുന്നതെന്ന് അഭിനവ് പറയുന്നു. പതിനെട്ടാംപടിയും പമ്പയും എല്ലാം വേറൊരു അനുഭൂതിയാണ് നൽകുന്നതെന്നും കുഞ്ഞുസ്വാമി പറയുന്നു. ഒന്നര വയസ് മുതൽ കെട്ടുകെട്ടിയാണ് ശബരിമലയിലെത്തുന്നതെന്ന് അഭിഷേക് പറയുന്നു. കൊറോണ മഹാമാരി കാലത്ത് മാത്രമാണ് രണ്ട് തവണ മുടക്കം വരുത്തിയതെന്ന് സഹോദരങ്ങൾ പറയുന്നു.