എറണാകുളം: ശബരിമലയിൽ, ഭക്തർക്ക് പഴകിയ ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയം ഗൗരവതരമാണെന്ന് ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം ഉൾപ്പെടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.
വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സംഭവത്തിൽ രേഖാമൂലം മറുപടി നൽകുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തിൽ പൂപ്പലുണ്ടായതെന്നാണ് ദേവസ്വം ബോർഡിന്റെ വാദം.
പൂപ്പലുള്ള ഉണ്ണിയപ്പം ഇനി വിതരണം ചെയ്യില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഉണ്ണിയപ്പത്തിലാണ് പൂപ്പൽ കണ്ടെത്തിയത്. കൊച്ചി കടുങ്ങല്ലൂർ സ്വദേശികൾ വാങ്ങിയ ഉണ്ണിയപ്പമായിരുന്നു പഴകിയത്. സംഭവത്തിന് പിന്നാലെ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധവുമായി ഭക്തർ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വിഷയത്തിൽ കോടതിയുടെ ഇടപെടൽ.















