ശബരിമലയിൽ പൂപ്പൽ പിടിച്ച അപ്പം വിതരണം ചെയ്ത സംഭവം സങ്കടകരമെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചർ. കഴിഞ്ഞ വർഷം ചെലവാകാതെ പോയ സാധനം ഈ വർഷം അയ്യപ്പഭക്തരിൽ അടിച്ചേൽപ്പിച്ചതാണെന്നും ശബരിമലയിൽ ഭക്തരോട് കൊടും ക്രൂരതയാണ് കാണിക്കുന്നതെന്നും അവർ ജനം ടിവിയോട് പറഞ്ഞു.
ബേക്കറിയിലോ ഹോട്ടലിലോ ആണ് ഇങ്ങനെയൊരു സംഭവമെങ്കിൽ താത്കാലികം ആയെങ്കിലും അതിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. എന്നാൽ ശബരിമലയിൽ എന്താണ് നടക്കുന്നതെന്നും അവർ ചോദിച്ചു. അയ്യപ്പന്റെ പ്രസാദം വളരെ ആദരവോടെയാണ് ഭക്തർ വാങ്ങി മടങ്ങുന്നത്. ലാഭം മാത്രമാണിവർ ലക്ഷ്യം വയ്‌ക്കുന്നത്. ഇതുപോലെയുള്ള തെമ്മാടിത്തരം ഇനി അനുവദിക്കരുത്. നിരുത്തരവാദപരമായി അയ്യപ്പഭക്തരോട് പെരുമാറാൻ പാടില്ലെന്നും ശശികല ടീച്ചർ പ്രതികരിച്ചു.
സാധാരണ നാട്ടുപുറങ്ങളിലെ ക്ഷേത്രങ്ങളിൽ എന്തെങ്കിലുമൊരു ചെറിയ പ്രശ്നം നടന്നുവെന്ന് അറിഞ്ഞാൽ അതിന്റെ പേരിൽ വടിയും കയറുമെടുത്ത് ദേവസ്വം ബോർഡ് കടന്നു വരുകയും ദേവസ്വം ബോർഡ് ക്ഷേത്രം പിടിച്ചെടുക്കുന്നതുമാണ് കാലങ്ങളായി കണ്ടുവരുന്നത്. അതിനുള്ള അധികാരമുണ്ടെങ്കിൽ ശബരിമലയിൽ ഈ പ്രവൃത്തി ചെയ്തവർക്ക് ക്ഷേത്രങ്ങൾ ഭരിക്കാനുള്ള എന്ത് അവകാശമാണുള്ളത്. നാട്ടുകാരുടെ ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് പിടിച്ചെടുക്കുന്നത് പോലെ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾ നാട്ടുകാർ പിടിച്ചെടുക്കാൻ അവസരമൊരുക്കരുതെന്നാണ് പറയാനുള്ളതെന്നും അവർ മുന്നറിയിപ്പ് നൽകി.
ജനങ്ങളാണ് ജനാധിപത്യത്തിലെ അധികാരികൾ. അവർ വിയർപ്പൊഴുക്കി നിർമിച്ച ക്ഷേത്രങ്ങളാണ് ദേവസ്വം ബോർഡ് പിടിച്ചെടുത്തിട്ടുള്ളത്. വരുമാനം വന്ന് നിറയുന്ന ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്ക് വൃത്തിയും ശുദ്ധിയുമുള്ള സാധനം കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ തീർച്ചയായും അവർ ഇറങ്ങി പോകണം. അല്ലെങ്കിൽ അവരെ ഇറക്കി വിടാനുള്ള ഉത്തരവാദിത്തം ഭക്തജനങ്ങൾ നിറവേറ്റേണ്ടി വരും. ഭക്തജനങ്ങൾക്ക് ഈ വിഷം നൽകിയവർക്ക് മാതൃകാപരമായ ശിക്ഷ നൽകണം.















