പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ പൊലീസ് കസ്റ്റഡിയിൽ. ഒരാൾ പത്തനാപുരം സ്വദേശിനിയും രണ്ട് പേർ കോട്ടയം സ്വദേശികളുമാണ്. കസ്റ്റഡിയിലെടുത്ത സഹപാഠികളെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയേക്കും. അറസ്റ്റ് നാളെ രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.
സഹപാഠികൾക്കെതിരെ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അമ്മുവിനെ മാനസികമായി തളർത്തിയത് സഹപാഠികളാണെന്നും ഇവരെ പിടികൂടി ചോദ്യം ചെയ്യണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. ചുട്ടിപ്പാറ SME നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായിരുന്നു അമ്മു സജീവ്. 22 വയനായിരുന്നു. നവംബർ 15നാണ് അമ്മുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണനിലയിൽ കിടക്കുകയായിരുന്നു മൃതദേഹം.
അമ്മു ജീവനൊടുക്കിയെന്നാണ് കോളേജിൽ നിന്ന് വിവരം ലഭിച്ചത്. എന്നാൽ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. സഹപാഠികൾ മാനസികമായി പീഡിപ്പിച്ചിരുന്നതായി അമ്മ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സഹപാഠികളായ വിദ്യാർത്ഥിനികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.















