കണ്ണൂർ: അനുമതിയില്ലാതെ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതായി പരസ്യം നൽകിയ സംഭവത്തിൽ ഡിസി ബുക്‌സിനെതിരെ നൽകിയ പരാതിയിൽ ഇ.പി. ജയരാജന്റ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
പുസ്തക വിവാദത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. ഇ.പി. ജയരാജനും ഡിസി ബുക്‌സും തമ്മിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കരാർ നിലവിലുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കും.
ഈ മാസം 23ന് മൊഴി രേഖപ്പെടുത്തുമെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചിരുന്നത്. ഇന്നലെ ഫോണിൽ വിളിച്ച് തീയതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആത്മകഥയുടെ പേരിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചുവെന്ന് ഉൾപ്പെടെയാണ് പരാതിയിൽ ഇപി ജയരാജൻ ആരോപിച്ചിരിക്കുന്നത്. പുസ്തകം എഴുതിയ മാദ്ധ്യമപ്രവർത്തകന്റെ മൊഴി പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
പാലക്കാട് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതായി ഡിസി ബുക്‌സ് സോഷ്യൽമീഡിയ പേജുകളിലൂടെ അറിയിച്ചത്. ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പേരിൽ ചില അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നു എന്ന കുറിപ്പോടെയായിരുന്നു പരസ്യം. പുസ്തകത്തിന്റെ പുറംചട്ടയും പരസ്യത്തിൽ നൽകിയിരുന്നു. പുസ്തകത്തിലെ ചില ഭാഗങ്ങൾ പുറത്തുവന്നതും വിവാദമായി. എന്നാൽ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആർക്കും കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തിൽ ഡിസി ബുക്‌സുമായി കരാർ ഇല്ലെന്നും ജയരാജൻ വ്യക്തമാക്കി. ദേശാഭിമാനി ബോണ്ട് വിവാദത്തിൽ പാർട്ടിയുടെ അറിവോടെയായിരുന്നു തന്റെ പ്രവൃത്തിയെന്നുൾപ്പെടെയുളള ഭാഗങ്ങളാണ് പുറത്തുവന്നത്.
പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായ സരിനെക്കുറിച്ചുളള പരാമർശങ്ങളും വിവാദമായിരുന്നു. അവസരവാദ രാഷ്‌ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ സരിന്റെ പാർട്ടി മാറ്റവും സ്ഥാനാർത്ഥിത്വവും പരാമർശിക്കാതിരിക്കാനാകില്ലെന്നുൾപ്പെടെ ആയിരുന്നു പുസ്തകത്തിന്റെ പുറത്തുവന്ന ഭാഗങ്ങളിൽ ഉണ്ടായിരുന്നത്. ഇപി ജയരാജനുമായി കരാർ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഡിസി ബുക്‌സും ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.















