ഗാന്ധിനഗർ: കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ കഫേക്ക് എട്ടിന്റെ പണി നൽകി ഉപഭോക്തൃ കമ്മീഷൻ. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 41 രൂപ ഈടാക്കിയതിനെതിരെയാണ് ജതിൻ വലങ്കർ എന്നയാൾ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഗുജറാത്തിലെ വഡോദരയിലെ കബീർസ് കിച്ചൻ കഫേ ഗാലറിക്കെതിരെയാണ് പരാതി നൽകിയത്.
750 മില്ലി കുപ്പി വെള്ളത്തിന് മെനുവിൽ രേഖപ്പെടുത്തിയത് 39 രൂപയാണ്. എന്നാൽ 20 രൂപ മാത്രമായിരുന്നു കുപ്പിവെള്ളത്തിന്റെ ശരിയായ വില. നികുതി ഉൾപ്പടെയാണ് 41 രൂപ എന്നായിരുന്നു കഫേ ജീവനക്കാരുടെ മറുപടി. ഇചിന് പിന്നാലെയാണ് ജിതിൻ വഡോദര കൺസ്യൂമർ കമ്മീഷനെ സമീപിച്ചത്.
ജതിന് നഷ്ടപരിഹാരമായി 5,000 രൂപ നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. കഫേ അധികമായി ഈടാക്കിയ 21 രൂപ തിരിച്ചുനൽകാനും ഏഴ് വർഷത്തേക്ക് ഒൻപത് ശതമാനം പലിശ നൽകാനും ഉത്തരവിട്ടു. ഇതോടൊപ്പം കോടതി ചെലവായി 2,000 രൂപ നൽകണമെന്നുംകമ്മീഷൻ നിർദ്ദേശം നൽകി. പരാതി നൽകി ഏഴ് വർഷത്തിന് ശേഷമാണ് വിധി വന്നത്.