സ്ഥിരമായി റേഷൻ വാങ്ങാത്തതിന്റെ പേരിൽ കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് 61730 കുടുംബങ്ങളാണ് മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത്. മലപ്പുറത്ത് മാത്രം 2363 കുടുംബങ്ങളും. പിഎച്ച്എച്ച്, എഎവൈ, എൻപിഎസ് എന്നീ മുൻഗണനാ വിഭാഗങ്ങളിൽനിന്നാണ് ഇവരെ മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റിയത്. 3 മാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങാത്തതിന്റെ പേരിലാണ് ഇത്രയും പേർ പുറത്തായത്.
ബന്ധപ്പെട്ട അധികൃതർ വിശദമായ അന്വേഷണം നടത്തിയാണു നടപടി സ്വീകരിച്ചത്. ഇവരുടെ മുൻഗണനാ റേഷൻ കാർഡുകളെല്ലാം ഇതിനകം മുൻഗണനേതര വിഭാഗത്തിലേക്കു മാറി.അതേസമയം മലപ്പുറത്ത് വിവിധ കാരണങ്ങളാൽ കഴിഞ്ഞ 3 വർഷത്തിനിടെ ഇവരുൾപ്പെടെ 31978 കുടുംബങ്ങളാണു മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത്.
*മുൻഗണനാ കാർഡിന് അർഹരല്ലാത്തതിനാൽ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറിയവരാണ് ബാക്കിയുള്ളവരിൽ ഏറെയും. അർഹതയില്ലാത്തതിന്റെ പേരിൽ അധികൃതർ അന്വേഷണം നടത്തി നീക്കംചെയ്തവരുമുണ്ട്. 1000 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള വീട്, ഒരേക്കറിലേറെ ഭൂമി, 25,000 രൂപയിലധികം മാസ വരുമാനം, ടാക്സി ഒഴികെയുള്ള നാലുചക്ര വാഹനം എന്നിവയുള്ളവരാണ് മുൻഗണനാ റേഷൻ കാർഡിന് അർഹതയില്ലാത്തവർ.
*മുൻഗണനാ വിഭാഗത്തിൽ (പിഎച്ച്എച്ച്) നിന്ന് 1594 പേരും അന്ത്യോദയ (എഎവൈ) വിഭാഗത്തിൽനിന്ന് 155 പേരും മുൻഗണനേതരം സബ്സിഡി (എൻപിഎസ്) വിഭാഗത്തിൽനിന്ന് 614 പേരുമാണു സ്ഥിരമായി റേഷൻ വാങ്ങാത്തതിന്റെ പേരിൽ പുറത്തായത്. ഏറനാട്- 299, നിലമ്പൂർ – 418, പെരിന്തൽമണ്ണ – 1003, തിരൂർ – 45, തിരൂരങ്ങാടി- 355, പൊന്നാനി- 114, കൊണ്ടോട്ടി- 129 എന്നിങ്ങനെയാണു പുറത്തായത്. ഈ വിഭാഗത്തിൽ പുതിയ കണക്കെടുപ്പു താലൂക്ക് സപ്ലൈ ഓഫിസുകളുടെ നേതൃത്വത്തിൽ നടക്കുന്നുമുണ്ട്.
എഎവൈ വിഭാഗത്തിന് പ്രതിമാസം 30 കിലോ അരിയും പിഎച്ച്എച്ച് വിഭാഗത്തിന് ആളൊന്നിന് 4 കിലോ അരിയും സൗജന്യമാണ്. എൻപിഎസ് വിഭാഗക്കാർക്ക് ആളൊന്നിന് 2 കിലോ അരി നാലു രൂപ തോതിൽ ലഭിക്കും. മുൻഗണനേതര വിഭാഗക്കാർക്ക് 5 കിലോ അരിയാണു ലഭിക്കുക. കിലോഗ്രാമിന് 10.90 രൂപ ഇതിനു നൽകണം.















