സോൾ: ഉത്തരകൊറിയയ്‌ക്കും ദക്ഷിണകൊറിയയ്‌ക്കുമിടയിൽ പ്രകോപനം സൃഷ്ടിക്കുന്നതും സാഹചര്യങ്ങളെ വഷളാക്കാൻ ശ്രമിക്കുന്നതും അമേരിക്കയാണെന്ന വിമർശനവുമായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്യാങ്ങിൽ നടന്ന ആർമി എക്സിബിഷനിലാണ് കിം അമേരിക്കയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്. യുഎസുമായി മുൻകാലങ്ങളിൽ നടത്തിയ ചർച്ചകളിൽ പോലും ശത്രുതാപരമായ മനോഭാവമാണ് അവർ കാണിച്ചിട്ടുള്ളതെന്നും കിം വിമർശിച്ചു.
” കൊറിയൻ ഉപദ്വീപ് രാഷ്‌ട്രങ്ങൾ മുൻപൊരിക്കലും ഇല്ലാത്ത സാഹചര്യത്തെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഒരു ആണവയുദ്ധത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അമേരിക്കയുമായി ചർച്ചകൾ പലതവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ പരസ്പര സഹകരണമെന്ന നയമല്ല, മറിച്ച് അധികാരത്തോടെയുള്ള നിലപാടുകളും, ഉത്തരകൊറിയയോടുള്ള ശത്രുതാപരമായ സമീപനത്തിലും മാറ്റങ്ങൾ സംഭവിച്ചേക്കില്ല” കിം പറയുന്നു.
നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ടേമിൽ 2018ലും 2019ലും ഇരു നേതാക്കളും കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. അതേസമയം ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ഉത്തരകൊറിയ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിന് പുറമെ രാജ്യത്തിന്റെ ആയുധശേഷി വർദ്ധിപ്പിക്കാനും കിം ആഹ്വാനം ചെയ്തിട്ടുണ്ട്.
ഡിഫൻസ് ഡെവലപ്മെന്റ് എക്സിബിഷൻ എന്ന് പേരിൽ നടത്തിയ പരിപാടിയിൽ രാജ്യത്തിന്റെ കൈവശമുള്ള അത്യാധുനിക ആയുധങ്ങളുടെ പ്രദർശനം ഉൾപ്പെടെ നടത്തിയിരുന്നു. ഉത്തരകൊറിയയും റഷ്യയും തമ്മിൽ സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനെ ചൊല്ലി അന്താരാഷ്‌ട്ര തലത്തിൽ വിമർശനങ്ങൾ കടുക്കുന്നതിനിടെയാണ് കിമ്മിന്റെ പുതിയ പ്രസംഗം. ഏത് സമയവും യുദ്ധം ഉണ്ടാകുന്ന സാഹചര്യമാണ് കൊറിയൻ രാജ്യങ്ങൾക്കിടയിലുള്ളതെന്നും, അമേരിക്കയാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നും കിം വിമർശനം ഉന്നയിച്ചിട്ടുണ്ട്.