ന്യൂഡൽഹി: ലോകത്തിന് ഇത് സംഘർഷത്തിനുള്ള സമയമല്ലെന്നും മറിച്ച് സംഘർഷം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കേണ്ട സമയമാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗയാന ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സ്പീക്കർ മൻസൂർ നാദിർ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുകയായിരുന്നു.
ഇന്ത്യയും ഗയാനയും തമ്മിലുള്ള ചരിത്രബന്ധം പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. തനിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകിയതിൽ ഗയാനയിലെ ജനങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു. ഭൂമിശാസ്ത്രപരമായി അകലെ ആയിരുന്നിട്ടും രാജ്യത്തിന്റെ പൈതൃകവും ജനാധിപത്യ മൂല്യങ്ങളുമാണ് ഇന്ത്യയേയും ഗയാനയേയും തമ്മിൽ അടുപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിടിച്ചടക്കുക എന്നത് ഇന്ത്യയുടെ രീതിയല്ലെന്നും, അത്തരം ആശയത്തിൽ നിന്നും വിട്ടുനിൽക്കുന്നതാണ് ഇന്ത്യയുടെ പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
” വിപുലീകരണം എന്നത് ഇന്ത്യയുടെ രീതിയല്ല. അത്തരം ആശയവുമായി ഇന്ത്യ ഒരിക്കലും മുന്നോട്ട് പോയിട്ടുമില്ല. അതിൽ ഞങ്ങൾ എല്ലാക്കാലത്തും വിട്ടുനിന്നിട്ടേ ഉള്ളു. അതിപ്പോൾ കരയോ കടലോ ബഹിരാകാശമോ ഏതായാലും സംഘട്ടനമല്ല മറിച്ച് സഹകരണമാണ് വേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ലോകത്തെ സംബന്ധിച്ചും ഇത് സംഘർഷത്തിനുള്ള സമയമല്ല, മറിച്ച് സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനുള്ള സമയമാണ്.
ജനാധിപത്യത്തിനും മാനവികതയ്‌ക്കും ആദ്യ സ്ഥാനങ്ങൾ നൽകുകയാണ് വേണ്ടത്. ജനാധിപത്യത്തിന് പ്രഥമ പരിഗണന നൽകുന്നത് വഴി എല്ലാവരേയും ഒത്തൊരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനും വികസനം നടപ്പിലാക്കാനും കഴിയും. മനുഷ്യത്വത്തിനും അതേ പ്രാധാന്യം നൽകണം. എല്ലാവരേയും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ രൂപീകരണത്തിന് അത് അത്യാവശ്യമാണെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.















