പത്തനംതിട്ട: ഒമ്പത് വയസിനുള്ളിൽ 18 തവണ മലചവിട്ടി ഒരു കുഞ്ഞുമാളികപ്പുറം. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ നവനീതുവിനാണ വളരെ ചെറിയ പ്രായത്തിനുള്ളിൽ 18 മലചവിട്ടാനുള്ള ഭാഗ്യം ലഭിച്ചത്. ഓർമവച്ച നാൾ മുതൽ എല്ലാ വർഷവും നവനീതു അയ്യപ്പനെ കണ്ടു തൊഴാറുണ്ട്. ഇന്ന് 18-ാം തവണ മല ചവിട്ടാനുള്ള ഒരുക്കത്തിലാണ് നവനീതു.
നാലാമത്തെ വയസിൽ 21 ദിവസത്തെ വ്രതം എടുത്താണ് നവനീതു ആദ്യമായി മല ചവിട്ടുന്നത്. അച്ഛന്റെയും സഹോദരന്മാരുടെയുമൊപ്പം അയ്യപ്പനെ ദർശിച്ച വിശേഷങ്ങളും നവനീതു പങ്കുവയ്‌ക്കുന്നുണ്ട്. അച്ഛന്റെ തോളിലിരുന്നാണ് ആദ്യമായി അയ്യപ്പനെ കണ്ടതെന്നും അച്ഛന്റെ തോളിലിരുന്നാണ് മല കയറിയതെന്നും നവനീതു പറയുന്നു.
17 മലകൾ ചവിട്ടിയത് ഒരു അത്ഭുതമെന്നാണ് നവനീതുവിന്റെ അച്ഛനും പങ്കുവയ്‌ക്കുന്നത്. തനിക്ക് ക്ഷീണം വന്ന് എവിടെയെങ്കിലും ഇരുന്നാലും മകൾ മുന്നോട്ട് നടന്നുകൊണ്ടിരിക്കും. മറ്റൊരു ആഹാരം കഴിക്കാൻ നിർബന്ധം പിടിക്കുകയോ ഒന്നും ചെയ്യില്ല. നന്നായി വ്രതം നോറ്റാണ് മല ചവിട്ടുന്നത്. തോളിൽ കയറിയിരിന്നാണ് അയ്യപ്പനെ ദർശിക്കുന്നത്. ഭയങ്കര ഉച്ചത്തിൽ ശരണം വിളിക്കും. ശ്രീകോവിലിന്റെ മുന്നിൽ നിന്ന് തന്നെ തൊഴാനുള്ള ഭാഗ്യവും ലഭിക്കാറുണ്ടെന്നും അച്ഛൻ പ്രതികരിച്ചു.
വ്രതാനുഷ്ഠാനങ്ങൾ ചിട്ടയോടെ പാലിച്ചാണ് കുഞ്ഞുമാളികപ്പുറം മല ചവിട്ടുന്നത്. ഒരു മാലയിട്ടാണ് 17 തവണയും നവനീതു മല ചവിട്ടിയത്. ആദ്യം ഒരു തവണ പോയി വന്നതിന് ശേഷം പിന്നെയും പോകണമെന്ന ആഗ്രഹം പറയാറുണ്ടായിരുന്നുവെന്നും പിന്നീട് എല്ലാ മലയാള മാസം ഒന്നാം തീയതിയും കൊണ്ടുപോകുമായിരുന്നെന്നും കുടുംബം പ്രതികരിച്ചു.