ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹമോചിതരാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ ദിവസം മകൾ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ റായ് പങ്കുവച്ച ചിത്രങ്ങളിൽ അഭിഷേക് ബച്ചനെ കാണാതായതോടെ ആരാധകർ വീണ്ടും സംശയങ്ങളുമായി എത്തി. പിന്നാലെ വലിയ തോതിൽ വാർത്തകളും പുറത്തുവന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയാണ് അമിതാഭ് ബച്ചൻ. സോഷ്യൽ മീഡിയയിലൂടെയാണ് നടന്റെ പ്രതികരണം.
‘എന്റെ കുടുംബത്തെ കുറിച്ച് ഞാൻ ആരോടും സംസാരിച്ചിട്ടില്ല. വളരെ അപൂർവമായി മാത്രമാണ് കുടുംബത്തെ കുറിച്ച് ഞാൻ എന്തെങ്കിലും പറയാറുള്ളൂ. കാരണം, കുടുംബം എന്നത് എന്റെ സ്വകാര്യതയാണ്. എന്റെ കുടുംബത്തെ കുറിച്ച് പലരും പ്രചരിപ്പിക്കുന്ന വാർത്തകൾ ഊഹാപോഹങ്ങൾ മാത്രമാണ്. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് മാദ്ധ്യമങ്ങൾ. അസത്യങ്ങൾ ഒരിക്കലും പ്രചരിപ്പിക്കരുത്. ഊഹാപോഹങ്ങൾ എപ്പോഴും ഊഹാപോഹങ്ങളായി തന്നെ അവശേഷിക്കും’.
‘ചോദ്യചിഹ്നമിട്ടുകൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നത്. അസത്യങ്ങൾ എഴുതിയ ശേഷം ചോദ്യചിഹ്നം ഇടുന്നത് അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാകാം. പക്ഷേ ചോദ്യചിഹ്നമിടുന്ന വാർത്തകൾ എരിവും പുളിയുമുള്ള അസത്യങ്ങളാണ് സമൂഹത്തിന് മുന്നിലേക്ക് എത്തിക്കുന്നത്. വായനക്കാർ ഇത് വിശ്വസിക്കുന്നു’.
ഉറപ്പില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്. സമൂഹത്തെ അസത്യങ്ങൾ കൊണ്ട് നിറയ്‌ക്കരുത്. ഈ വാർത്തകളുമായി ബന്ധപ്പെട്ടിരിക്കുന്നവരെ ഇത് എങ്ങനെ ബാധിക്കുന്നു എന്ന് കൂടി എല്ലാവരും ചിന്തിക്കണം. അടിസ്ഥാനരഹിതമായ കാര്യങ്ങൾക്ക് മറുപടി പോലും അർഹിക്കുന്നില്ലെന്നും അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചു.