അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദ് ശ്രീബാല. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ കുതിക്കുകയാണ് ചിത്രം. അർജുൻ അശോകൻ, അപർണ ദാസ്, സംഗീത എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം വലിയ തോതിൽ പ്രേക്ഷകശ്രദ്ധ നേടികഴിഞ്ഞു. ചിത്രം പുറത്തുകൊണ്ടുവന്ന മിഷേൽ കേസിൽ പുനരന്വേഷണം വേണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിക്കുകയാണ് താരങ്ങൾ.
അറിയപ്പെടാത്തൊരു കേസ് ആനന്ദ് ശ്രീബാല വെളിച്ചത്ത് കൊണ്ടുവന്നുവെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു പറഞ്ഞു. വളരെയധികം ത്രില്ലിംഗ് ചിത്രമാണിത്. സിനിമ ഒരുപാട് ഇഷ്ടമായി. ഇതുപോലെ തെളിയിക്കപ്പെടാത്ത ഒരുപാട് കേസുകളുണ്ട്. നമ്മൾ മറന്ന ഇത്തരം കൊലപാതകങ്ങളൊക്കെ മറനീക്കി പുറത്തുവരട്ടെ. അഭിലാഷ് പിള്ളയുടെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
നല്ല ഇമോഷൻസ് നിറഞ്ഞ സിനിമയാണെന്നും ഒട്ടും ബോറടിപ്പിക്കില്ലെന്നും നടൻ ബിബിൻ ജോർജ് പ്രതികരിച്ചു. ആനന്ദ് ശ്രീബാല പ്രേക്ഷകരെ കഥക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സാണ് ചിത്രത്തിലുള്ളത്. മേക്കിംഗും എഡിറ്റിംഗും നന്നായിരുന്നു. ഇതുപോലെയുള്ള ഒരുപാട് കേസുകളുണ്ടെന്ന് ചിത്രം തന്നെ പറയുന്നുണ്ട്. എല്ലായിടത്തും നല്ല അഭിപ്രായങ്ങളാണ് വരുന്നതെന്നും താരം പറഞ്ഞു.
അഭിലാഷ് പിള്ളയുടെ കഥ ഗംഭീരം എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. ഒരു സാധാരണക്കാരൻ വിചാരിച്ചാലും പല കേസുകളും തെളിയിക്കാൻ സാധിക്കുമെന്ന് ആനന്ദ് ശ്രീബാല പഠിപ്പിച്ചു. കേരളാ പൊലീസിനോടുള്ള ഒരു സന്ദേശം കൂടിയാണ് ഈ സിനിമ. എനിക്ക് അധികാരമുണ്ട്, എനിക്ക് എന്തും ചെയ്യാനാകും എന്നതിനെ ചോദ്യം ചെയ്യുകയാണ് ചിത്രം. അർജുൻ അശോകൻ ചെയ്ത കഥാപാത്രം സമൂഹത്തിലെ ഓരോ യുവാക്കളുമാണ്. പൊലീസ് സത്യസന്ധമായി കൂടെ നിന്നാൽ ഏത് കേസും തെളിയിക്കാൻ സാധിക്കുമെന്ന് ചിത്രം പറഞ്ഞുതരുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ഇഷ്ടമായി. സംവിധാകനും എഡിറ്ററിനും തിരക്കഥാകൃത്തിനും എല്ലാവർക്കും അഭിനന്ദനങ്ങളെന്നും മേജർ രവി പറഞ്ഞു.