കൊല്ലം: അമ്മയുടെ ഉപദ്രവം സഹിക്കാതെയാണ് വീട് വിട്ടതെന്ന് കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൊഴി. തുടർന്ന് അമ്മ ഷീജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 18 ന് കാണാതായ ഐശ്വര്യ അനിലിനെ രണ്ട് ദിവസത്തിന് ശേഷം മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നിന്നാണ് കണ്ടെത്തിയത്. കൗൺസിലിംഗിന് ശേഷം പെൺകുട്ടിയെ കുടുംബത്തിനൊപ്പം വിട്ടു.
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി വൈകിട്ടാണ് ധ്യാനകേന്ദ്രത്തിൽ എത്തിയത്.
കരുനാഗപ്പള്ളിയിൽ നിന്ന് തൃശൂരിലേക്ക് ട്രെയിനിലും അവിടെ നിന്ന് ബസിലുമായിരുന്നു യാത്ര. സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിൽ ഓൺലൈൻ പഠനം നടത്തുകയായിരുന്നു ഐശ്വര്യ. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി, കാണാതാകുന്നതിന് തലേന്ന് രാത്രി ഷീജ വഴക്ക് പറഞ്ഞിരുന്നു.
താൻ പോകുന്നുവെന്നും ആത്മഹത്യ ചെയ്യില്ലെന്നും കുറിപ്പ് പെൺകുട്ടി എഴുതിവച്ചിരുന്നു. മൊബൈൽ ഫോണും ടാബും എടുത്തിരുന്നെങ്കിലും 11 മണിയോടെ അത് സിച്ച് ഓഫായി. വൈകിട്ടോടെയാണ് കരുനാഗപ്പള്ളി പൊലീസിൽ കുടുംബം പരാതി നൽകിയത്.















