ചൂടു പൊറോട്ടയും ചിക്കൻകറിയും കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് അല്ലേ? ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും ബഹുഭൂരിപക്ഷം മലയാളികളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പൊറോട്ട. കട്ടിയില്ലാത്ത രുചികരമായ പൊറോട്ടയുണ്ടാക്കുന്നവർ കുറവായിരിക്കും. ഇടുക്കിയിലും അത്തരത്തിൽ കിടിലൻ പൊറോട്ട മേയ്‌ക്കറുണ്ട്. എന്നാൽ ഇവിടെ താരം പൊറോട്ടയല്ല, അതുണ്ടാക്കുന്ന നേപ്പാൾ സ്വദേശി അക്കൽ ടൈലയും അദ്ദേഹത്തിന്റെ മോഡലിംഗ് മോഹങ്ങളുമാണ്.
നെടുംകണ്ടം അല്ലൂസ് തട്ടുകടയിൽ നല്ല ചൂടു പൊറോട്ടയും, ദോശയും, ഓംലെറ്റും ഒരുക്കിയെടുക്കുന്ന ചെറുപ്പക്കാരൻ! നെടുംകണ്ടത്തുക്കാർക്ക് അക്കൽ ടൈല അക്കസോട്ടയും, ഉണ്ണിക്കുട്ടനുമൊക്കെയാണ്. 7 വർഷങ്ങൾക്ക് മുമ്പാണ് നേപ്പാളിൽ നിന്നും കുടുംബത്തോടൊപ്പം അക്കൽ ഇടുക്കിയിലെത്തിയത്. മാതാപിതാക്കൾ തിരികെ മടങ്ങിയെങ്കിലും അക്കലും സഹോദരനും നെടുംകണ്ടത്ത് തന്നെ തുടർന്നു. ഹോട്ടൽ ജോലികൾ ചെയ്തിരുന്ന അക്കൽ പൊറോട്ടയടിക്കാനും പഠിച്ചു.
ഇതിനുപുറമെ റാംപുകളിലെ മിന്നും താരമാണ് അക്കൽ. ഹോട്ടൽ ജോലികൾക്കിടയിലും മോഡലിംഗ് രംഗങ്ങളിൽ സജീവമായി അക്കൽ പങ്കെടുത്തിരുന്നു. അടുത്തിടെ എറണാകുളത്ത് നടന്ന ഫാഷൻ മത്സരത്തിൽ കോൺഫിഡന്റ് ഐക്കണായും അക്കൽ തെരഞ്ഞെടുക്കപ്പെട്ടു. പരസ്യങ്ങളിലും ഇതിനിടെ മുഖം കാണിക്കാൻ അക്കലിന് സാധിച്ചു.
മോഡലിംഗ് രംഗത്ത് അവസരങ്ങൾ ലഭിക്കുന്നത് കുറവാണെങ്കിലും കഠിനമായി പരിശ്രമിക്കാറുണ്ടെന്നും അത് ചെറിയൊരു വിജയത്തിലെത്തിച്ചെന്നും അക്കൽ പറയുന്നു. ഹോട്ടൽ ഉടമയും നാട്ടുകാരും നൽകുന്ന പിന്തുണയാണ് മോഡലിംഗ് രംഗത്ത് മുന്നോട്ടുപോകാൻ ആത്മവിശ്വാസം നൽകുന്നതെന്ന് അക്കൽ വ്യക്തമാക്കി.















